Sorry, you need to enable JavaScript to visit this website.

അമേരിക്കൻ സെനറ്റിനെതിരെ ആഞ്ഞടിച്ച് സൗദി

റിയാദ്- അടിസ്ഥാനരഹിതമായ വാദങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ അമേരിക്കൻ സെനറ്റ് കൈക്കൊണ്ട, സൗദി വിരുദ്ധ നിലപാട് അപലപനീയമാണെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സെനറ്റ് നിലപാട് സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള നഗ്നമായ ഇടപെടലും ആഗോള, മേഖലാ തലത്തിൽ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ ബാധിക്കുന്നതുമാണ്. അമേരിക്കയുമായുള്ള ബന്ധം തുടരുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. സൗദി അറേബ്യ സഖ്യരാജ്യമായി കണക്കാക്കുകയും സൗദി ഭരണാധികാരികൾ എല്ലാവിധ ആദരവുകളും നൽകുകയും രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിൽ ദീർഘകാലമായി തന്ത്രപ്രധാന ബന്ധം നിലനിർത്തുകയും ചെയ്യുന്ന അമേരിക്കയിലെ സെനറ്റ് അംഗങ്ങൾ പ്രകടിപ്പിച്ച ഈ നിലപാട് ആശ്ചര്യകരമാണ്.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ നടത്തുന്ന ഏതു ഇടപെടലുകളും, തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അനാദരിക്കുന്നതും രാജ്യത്തിന്റെ പരമാധികാരം തകർക്കുന്നതിനുള്ള ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല. 
മേഖലയിലും അറബ്, ഇസ്‌ലാമിക ലോകത്തും ആഗോള തലത്തിലുമുള്ള സൗദി അറേബ്യയുടെ മുൻനിര പങ്കിനെ ഇത്തരം നിലപാടുകൾ ബാധിക്കില്ല. ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾക്ക് ഗുണകരമായ നിലക്ക് ഊർജ വിപണിയിൽ സന്തുലനം നിലനിർത്തുന്നതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയിൽ സൗദി വലിയ പങ്കാണ് വഹിക്കുന്നത്. സൈനിക, സുരക്ഷാ, ധന, ആശയതലങ്ങളിൽ ഭീകരവിരുദ്ധ പോരാട്ടത്തിന് ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങൾക്കും സൗദി നായകത്വം വഹിക്കുന്നു. ഐ.എസ്, അൽഖാഇദ പോലുള്ള ഭീകര സംഘടനകളെ പരാജയപ്പെടുത്തുന്നതിലും ലോകമെങ്ങും നിരപരാധികളുടെ ജീവൻ രക്ഷിക്കുന്നതിലും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. ഭീകരവിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യ മുൻകൈയെടുത്ത് ഇസ്‌ലാമിക് സൈനിക സഖ്യം രൂപീകരിച്ചിട്ടുണ്ട്. ഐ.എസ് പോരാട്ടത്തിന് അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലും സൗദി അറേബ്യ ഫലപ്രദമായ പങ്ക് വഹിക്കുന്നു. മേഖലയിൽ അസ്ഥിരതയുണ്ടാക്കാൻ ശ്രമിക്കുന്ന ഇറാന്റെയും ഏജൻസികളുടെയും നിഷേധാത്മക പ്രവർത്തനങ്ങൾ നേരിടുന്നതിലും ശക്തമായ നിലപാടാണ് സൗദി അറേബ്യ സ്വീകരിക്കുന്നത്. 

യു.എൻ രക്ഷാസമിതി പ്രമേയത്തിനും ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയപരിഹാരം കാണുന്നതിനും സൗദി അറേബ്യ ശ്രമങ്ങൾ നടത്തുന്നുണ്ട്. സൗദിയുടെ പിന്തുണയോടെയാണ് സ്വീഡനിൽ യെമൻ കക്ഷികൾ കഴിഞ്ഞ ദിവസം സമാധാന കരാർ ഒപ്പുവെച്ചത്. കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ വഴി യെമനിൽ റിലീഫ് പ്രവർത്തനങ്ങൾ നടത്തലിന് വലിയ പ്രാധാന്യമാണ് രാജ്യം നൽകുന്നത്. അർഹരായവർക്ക് സഹായം എത്തിക്കുന്നതിന് യു.എൻ ഏജൻസികളുമായും സൗദി അറേബ്യ സഹകരിക്കുന്നു. 
സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിക്ക് സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കുറ്റകൃത്യമാണെന്നും ഇത് സൗദി അറേബ്യയുടെ നയമോ, പ്രവർത്തനരീതിയോ അല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ നീതിന്യായ സംവിധാനത്തിന്റെ ചട്ടക്കൂടിൽനിന്ന് ഖശോഗി കേസ് പുറത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്ന് രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. 

അമേരിക്കയുമായുള്ള ബന്ധം നിലനിർത്തുന്നതിനും സർവ മേഖലകളിലും ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനും സൗദി അറേബ്യ ആഗ്രഹിക്കുന്നു. സമീപ കാലത്തുണ്ടായ സംഭവവികാസങ്ങളിൽ അമേരിക്കൻ ഭരണകൂടവും സ്ഥാപനങ്ങളും സ്വീകരിച്ച വിവേകപൂർണമായ നിലപാടിനെ വിലമതിക്കുന്നു. സൗദി-അമേരിക്കൻ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ആഗ്രഹിക്കുന്നവർക്ക് തെറ്റായ സന്ദേശങ്ങളാണ് സെനറ്റ് നൽകുന്നത്. ഉഭയകക്ഷിബന്ധത്തിൽ പ്രത്യാഘാതങ്ങളുണ്ടാകാതെ നോക്കുന്നതിന്, അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് സൗദി അറേബ്യയെ വലിച്ചിഴക്കരുതെന്നാണ് പ്രത്യാശിക്കുന്നതെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. 


 

Latest News