'എന്റെ പവര്‍ എന്താണെന്നറിയില്ലെ'; വനിതാ മജിസ്‌ട്രേറ്റിനെ നിര്‍ത്തിപ്പൊരിച്ച് ബിജെപി എംഎല്‍എ- Video

ആഗ്ര- സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റായ (എസ്.ഡി.എം) ഉന്നത വനിതാ ഉദ്യോഗസ്ഥയെ ആള്‍ക്കൂട്ടത്തിനു നടുവിലിട്ട് ശകാരിച്ച ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എംഎല്‍എ ഉദയ്ഭന്‍ ചൗധരിക്കെതിരെ വിമര്‍ശനം. എസ്.ഡി.എം ഗരിമ സിങിനെയാണ് എംഎല്‍എ പരസ്യമായി നിര്‍ത്തിപ്പൊരിച്ചത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ആര്‍.എസ്.എസ് നേതാവു കൂടിയായ ഉദയ്ഭന്‍ ചൗധരി ആഗ്രയില്‍ കലാപക്കേസിലും ആയുധക്കേസിലും പ്രതിയായിരുന്നു. ഇയാള്‍ ഭീഷണി സ്വരത്തില്‍ ഉദ്യോഗസ്ഥയോട് കത്തിക്കയറുന്നതും വിഡിയോയിലുണ്ട്. 'ഞാനൊരു എംഎല്‍എ ആണെന്ന് അറിയില്ലെ? താങ്കള്‍ക്ക് എങ്ങനെ ഇതുപോലെ എന്നോട് സംസാരിക്കാന്‍ കഴിയുന്നു? എന്റെ അധികാരമെന്താണെന്ന് അറിയില്ലെ?'- എംഎല്‍എ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് കയര്‍ത്തു. ഗരിമ സിങ് ഇതെല്ലാം കേട്ടു നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. കര്‍ഷകരുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു എംഎല്‍എ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ കാണാനെത്തിയത്.

Latest News