Sorry, you need to enable JavaScript to visit this website.

കാർഗോ ക്ലാസ് ടിക്കറ്റ്: ഫ്‌ളൈ അദീലിന്റെ തമാശ; കടുത്ത വിമർശനം

റിയാദ്- കുറഞ്ഞ നിരക്കിൽ യാത്ര ആഗ്രഹിക്കുന്നവർക്ക് അടുത്ത വർഷാദ്യം കാർഗോ ക്ലാസ് ടിക്കറ്റുകൾ പുറത്തിറക്കുമെന്ന ഫ്‌ളൈ അദീൽ കമ്പനിയുടെ പരസ്യം യാത്രക്കാരുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. ഫലിതത്തിനു വേണ്ടിയാണ് ഇത്തരമൊരു പരസ്യം പുറത്തിറക്കിയതെന്ന കമ്പനിയുടെ ന്യായീകരണം വിമർശകരെ കൂടുതൽ രോഷാകുലരാക്കി. യാത്രക്കാരെ അപമാനിക്കുന്നതും കബളിപ്പിക്കുന്നതും നിയമ വിരുദ്ധവുമാണ് പരസ്യമെന്ന് ഇവർ അഭിപ്രായപ്പെട്ടു. 
അതേസമയം, വ്യോമയാന വ്യവസായ മേഖലയിൽ ഫലിതങ്ങൾ പാടില്ലെന്ന് അയാട്ട പറഞ്ഞു. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിന് മുഴുവൻ വിമാന കമ്പനികളും ബാധ്യസ്ഥമാണ്. അയാട്ട മാനദണ്ഡങ്ങൾക്ക് നിരക്കാത്ത നിലക്ക് ഏതെങ്കിലും വിമാന കമ്പനികൾക്ക് ഏകപക്ഷീയമായി സീറ്റുകളോ ക്ലാസുകളോ പുതുതായി ഉൾപ്പെടുത്താനോ നീക്കം ചെയ്യാനോ സാധിക്കില്ലെന്നും അയാട്ട പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്തതിൽ ഫ്‌ളൈ അദീൽ ക്ഷമാപണം നടത്തിയിട്ടുണ്ട്. യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതിനാണ് തമാശക്കു വേണ്ടി ഇത്തരമൊരു പരസ്യം തയാറാക്കിയതെന്ന് കമ്പനി പറഞ്ഞു. 
ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന യാത്ര ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് സൗദിയിലെ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈ അദീൽ കാർഗോ ക്ലാസ് ടിക്കറ്റുകൾ പുറത്തിറക്കുന്നു എന്നായിരുന്നു വാർത്ത. ലോകത്തു തന്നെ ആദ്യമായാണ് ഒരു വിമാനക്കമ്പനി കാർഗോ ക്ലാസ് ടിക്കറ്റുകൾ പുറത്തിറക്കുന്നതെന്നും അവകാശവാദമുണ്ടായിരുന്നു. യാത്രാ ചെലവുകൾ കുറക്കുന്നതിന് നവീന മാർഗങ്ങൾ കണ്ടെത്തുന്നതിന് എക്കാലവും തങ്ങൾ ശ്രമിച്ചുവരികയാണെന്ന് ഫ്‌ളൈ ആദിൽ പറഞ്ഞിരുന്നു. 
കാർഗോ ക്ലാസിൽ യാത്രക്കാരുടെ ശരീര ഭാരത്തിനും ഉയരത്തിനും പ്രായത്തിനും നിയന്ത്രണങ്ങളുണ്ടാകും. പന്ത്രണ്ടു വയസിൽ കുറവ് പ്രായമുള്ളവർക്ക് കാർഗോ ക്ലാസ് ടിക്കറ്റുകൾ അനുവദിക്കില്ല. പരിമിതമായ സീറ്റുകൾ മാത്രമാണ് കാർഗോ ക്ലാസിലുണ്ടാവുക. പുതിയ സേവനം ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു. കാർഗോ ക്ലാസ് ടിക്കറ്റ് യാത്രക്കാർക്ക് വിമാനത്തിനു താഴെ ലഗേജുകൾ സൂക്ഷിക്കുന്ന ലഗേജ് ഹോൾഡറിലാണ് സീറ്റുകൾ അനുവദിക്കുക. യാത്രക്കിടെ മറ്റു യാത്രക്കാരുമായും വിമാന ജീവനക്കാരുമായും ഇവർക്ക് ബന്ധമുണ്ടാകില്ല. ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസിനു കീഴിലെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീൽ. ഈ വാർത്തയാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയത്. ഇത് സംബന്ധിച്ച് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.
 

Latest News