റിയാദ് - സൗദി അറേബ്യയുടെ അടുത്ത വർഷത്തെ ബജറ്റ് ഇന്ന് (ചൊവ്വ) വൈകിട്ട് അവതരിപ്പിക്കും. ഇന്ന് ചേരുന്ന അസാധാരണ മന്ത്രിസഭാ യോഗത്തിന് ശേഷം ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പുതിയ പ്രഖ്യാപനങ്ങൾക്കും ഇളവുകൾക്കും വേണ്ടി കാതോർക്കുകയാണ് പ്രവാസ ലോകം.
പുതുവർഷത്തേക്കുള്ള ബജറ്റ് സർവകാല റെക്കോർഡ് ആയിരിക്കുമെന്ന് പ്രതീക്ഷ. 1.106 ട്രില്യൺ റിയാൽ ചെലവ് കണക്കാക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. അടുത്ത ബജറ്റിലെ പൊതുചെലവ് ഈ വർഷത്തെ പൊതുചെലവിനെക്കാൾ ഏഴു ശതമാനം കൂടുതലാകും.
അടുത്ത കൊല്ലം പൊതുവരുമാനം 978 ബില്യൺ റിയാലാകുമെന്നാണ് കരുതുന്നത്. പൊതുവരുമാനത്തിൽ 11 ശതമാനം വർധനവുണ്ടാകും. അടുത്ത കൊല്ലത്തെ ബജറ്റിൽ കമ്മി 128 ബില്യൺ റിയാലാകുമെന്നാണ് കരുതുന്നത്. ഈ വർഷത്തെ ബജറ്റിൽ 195 ബില്യൺ റിയാലാണ് കമ്മി കണക്കാക്കിയിരുന്നത്. അടുത്ത കൊല്ലത്തെ ബജറ്റിൽ കമ്മി 34 ശതമാനം തോതിൽ കുറയുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത കൊല്ലം 2.3 ശതമാനം സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2023 ൽ കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.