കിഴിശ്ശേരി- ബന്ധു നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി ജലീലിന് മുതുവല്ലൂരിൽ കരിങ്കൊടി. മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജ് യൂനിയൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയുടെ വാഹനം തടഞ്ഞാണ് പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികൾ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രവർത്തകരെ തടയുന്നതിനിടെ പോലീസ് വാഹനം മന്ത്രിയുടെ കാറിലിടിച്ചു. ഇതോടെ കരിങ്കൊടിയുമായി പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. കോളേജിൽ മന്ത്രി സംസാരിച്ച് കൊണ്ടിരിക്കെ മുതുവല്ലൂരിൽ കരിങ്കൊടി പ്രകടനവും നടത്തി. മന്ത്രി തിരിച്ചുപോയതിന് ശേഷം മുതുവല്ലൂർ അങ്ങാടിയും പരിസരവും വെള്ളം ഒഴിച്ച് ചൂലെടുത്ത് അടിച്ചു ശുദ്ധികലശം നടത്തിയാണ് പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചത്.
പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാജിദ് ദേവർതൊടി, മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് എൻ.സി ഷെരീഫ് കിഴിശ്ശേരി, സി.എ അസീസ്, റഫീഖ് അയക്കോടൻ, സാലിഹ് തനിയുംപുറം, ശബീറലി മൂച്ചിക്കൽ, ജാഫർ പാണാട്ടാൽ, മജീദ് മുണ്ടക്കുളം നേതൃത്വം നൽകി.