Sorry, you need to enable JavaScript to visit this website.

മഹാസഖ്യമായി ബസ് യാത്ര, പ്രതീക്ഷയോടെ കോൺഗ്രസ്

മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, എം.കെ. സ്റ്റാലിൻ, ശരദ് പവാർ, ശരദ് യാദവ്, ഫാറൂഖ് അബ്ദുല്ല, എൻ.കെ. പ്രേമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ ജയ്പുർ വിമാനത്താവളത്തിലേക്ക് ബസിൽ പോകുന്നു.
  • മമത, മായാവതി, അഖിലേഷ് വിട്ടുനിന്നു

ജയ്പുർ/ ഭോപാൽ/ റായ്പുർ - ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ രൂപം കൊള്ളുന്ന മഹാസഖ്യത്തിന്റെ ശക്തിപ്രകടനമായിരുന്നു ഇന്നലെ ഇന്ത്യയുടെ ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ. ആസൂത്രിത നീക്കങ്ങളിലൂടെ സംഭവം ആഘോഷമാക്കുന്നതിൽ വിജയിച്ചതോടെ വൻ പ്രതീക്ഷയിലാണ് കോൺഗ്രസ്. അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കൂടെ കൂട്ടാൻ കഴിയുന്ന വലുതും ചെറുതുമായ എല്ലാ കക്ഷികളെയും ഒരുമിച്ചുകൂട്ടാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചെങ്കിലും, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയും, ബി.എസ്.പി നേതാവ് മായാവതിയും, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വിട്ടുനിന്നത് തിരിച്ചടിയായി. ബി.എസ്.പിയുടെയും എസ്.പിയുടെയും പിന്തുണയോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് എന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ഇന്നലെ രാവിലെ രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും, ഉച്ചക്ക് മധ്യപ്രദേശിൽ കമൽനാഥും, വൈകിട്ട് ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഗെലും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാക്ഷികളാവാൻ പ്രതിപക്ഷ മഹാസഖ്യത്തിലെ മിക്കവാറും എല്ലാ നേതാക്കളുമുണ്ടായിരുന്നു. പ്രത്യേക വിമാനവും, ബസുകളും ചാർട്ടർ ചെയ്താണ് കോൺഗ്രസ് ഈ നേതാക്കളെയെല്ലാം ഒരുമിച്ച് വേദികളിൽനിന്ന് വേദികളിലേക്ക് കൊണ്ടുപോയത്. ബസുകളിൽ നേതാക്കൾ ഒരുമിച്ച് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ, ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ തുടർച്ചയായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
ജയ്പൂരിൽ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും, ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പതിനായിരങ്ങളാണ് എത്തിയത്. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി. ദേവഗൗഡ എന്നിവർക്കൊപ്പം രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, തെലുങ്കുദേശം നേതാവും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി, ജെ.ഡി.യു നേതാവ് ശരദ് യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുല്ല, മുൻ കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേൽ, കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, മല്ലികാർജുൻ ഖാർഗെ, ആനന്ദ് ശർമ, നവ്‌ജോത് സിദ്ദു, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ സംബന്ധിച്ചു. 
ജയ്പൂരിലെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് നേതാക്കൾ ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്ന ചിത്രങ്ങൾ രാഹുൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 'ബസിൽ നിറയെ സന്തോഷം' എന്നായിരുന്നു അറ്റ് രാഹുൽ മൈപി.എം എന്ന ട്വിറ്റർ ഹാൻഡിലിലെ കുറിപ്പ്.
മൻമോഹൻ സിംഗിനൊപ്പം ബസിലെ മുൻനിരസീറ്റിലായിരുന്നു രാഹുൽ. രാജസ്ഥാനിൽ മുഖ്യമന്ത്രി പദത്തിന് ശ്രമിച്ച് പരാജയപ്പെട്ട സചിൻ പൈലറ്റും, മധ്യപ്രദേശിൽ അതേ അനുഭവം നേരിട്ട ജ്യോതിരാദിത്യ സിന്ധ്യയും ഒരു സീറ്റിലായിരുന്നു. ജയ്പൂരിൽ സത്യപ്രതിജ്ഞ കഴിഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശിലേക്ക് പോയി. അവിടെനിന്ന് കമൽനാഥ് അടക്കമുള്ള നേതാക്കൾ ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരിലേക്കും. എല്ലാ ചടങ്ങുകളിലും നേതാക്കളെല്ലാം വന്നതും പോയതും ഒരുമിച്ചായിരുന്നു.
ജയ്പുരിൽ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിക്കാനെത്തിയ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വേദിയിൽ തന്റെ സഹോദരപുത്രനായ ജ്യോതിരാദിത്യ സിന്ധ്യയെ വസുന്ധര രാജെ ആശ്ലേഷിച്ചതും ശ്രദ്ധേയമായി.
ഭോപാലിൽ മുൻ മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാനും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. പുതിയ മുഖ്യമന്ത്രി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പം അദ്ദേഹം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ബി.ജെ.പിയുടെ ഏറ്റവും ജനകീയ മുഖ്യമന്ത്രിയായി അറിയപ്പെട്ടിരുന്നയാളാണ് ചൗഹാൻ.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രിപദത്തിലായി രംഗത്തുണ്ടായിരുന്ന മൂന്ന് കോൺഗ്രസ് നേതാക്കളെയും രാഹുൽ ഗാന്ധി ഒരുമിച്ച് അണിനിരത്തി. മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന നേതാക്കളായ ടി.എസ് സിംഗ്‌ദേവ്, താംരധ്വാജ് സാഹു എന്നിവർക്കൊപ്പം കൈകോർത്തുപിടിച്ചാണ് രാഹുൽ ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങിയത്.


 

Latest News