Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജയിൽ പഠനമുറിയായി; ചൗത്താല പ്ലസ് ടു പാസായി 

ന്യൂദൽഹി- പത്തു വർഷത്തെ തടവ് ജീവിതം വെറുതെ താടി തടവി ഇരിക്കാനുള്ളതായിരുന്നില്ല ഓംപ്രകാശ് ചൗത്താലയെന്ന മുൻ ഹരിയാന മുഖ്യമന്ത്രിക്ക്. 82-ാം വയസ്സിൽ ജയിലിനകത്തിരുന്ന് പഠിച്ചു പന്ത്രണ്ടാം ക്ലാസ് പാസായി. 
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിന്റെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ ചൗത്താലക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡും കിട്ടി. തിഹാർ ജയിലിൽ ഒരുക്കിയ പരീക്ഷാ സെന്ററിലാണ് കഴിഞ്ഞ ഏപ്രിൽ 23ന് ചൗത്താല പന്ത്രണ്ടാം ക്ലാസിലെ അവസാന പരീക്ഷയുമെഴുതി റിസൾട്ടിനു കാത്തിരുന്നത്. 
പേരക്കുട്ടി ദുഷ്യന്ത് സിംഗിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ചൗത്താല കഴിഞ്ഞ ഏപ്രിലിൽ പരോളിൽ ഇറങ്ങിയിരുന്നു. എന്നാൽ, ഓപ്പൺ സ്‌കൂളിന്റെ പരീക്ഷാ സെന്റർ തിഹാർ ജയിലിനുള്ളിലായതിനാൽ പരീക്ഷ എഴുതുന്നതിനായി വീണ്ടും ജയിലിലേക്കു മടങ്ങി. മെയ് അഞ്ചിന് ചൗത്താലയുടെ പരോൾ കാലാവധി അവസാനിക്കുകയും ചെയ്തു.
അച്ഛൻ പരീക്ഷയെഴുതി പാസായ വിവരം ചൗത്താലയുടെ മകനും ഹരിയാനയിലെ പ്രതിപക്ഷ നേതാവുമായ അഭയ് സിംഗ് ചൗത്താല സ്ഥിരീകരിച്ചു. അച്ഛൻ എല്ലാ വിഷയത്തിലും എ ഗ്രേഡ് നേടിയെന്നാണ് അഭയ് സിംഗ് പറഞ്ഞത്. തടവ് ജീവിതം കൂടുതൽ അർഥവത്താക്കാൻ തീരുമാനിച്ച ഓംപ്രകാശ് ചൗത്താല തന്റെ ശ്രദ്ധ പൂർണമായും പഠനത്തിലേക്കു തിരിക്കുകയായിരുന്നു. ഇനി ബിരുദം കരസ്ഥമാക്കുകയാണ് ലക്ഷ്യം. തിഹാർ ജയിലിലെ ലൈബ്രറിയിലാണ് ചൗത്താല കൂടുതൽ സമയവും ചെലവഴിക്കുന്നത്. പത്രങ്ങളും പുസ്തകങ്ങളും പതിവായി വായിക്കുന്ന ചൗത്താല ലോകത്തെ മികച്ച രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം ഉൾപ്പടെയുള്ള പുസ്തകങ്ങൾ എത്തിച്ചു തരണമെന്ന് ജയിൽ അധികൃതരോട് അഭ്യർഥിച്ചിട്ടുമുണ്ട്. 
ഹരിയാനയിൽ യോഗ്യതയില്ലാത്ത 3,206 അധ്യാപകരെ വ്യാജരേഖ ചമച്ചു നിയമിച്ച കേസിൽ ഓം പ്രകാശ് ചൗത്താലക്കും മകൻ അജയ് ചൗത്താലക്കും 53 പേർക്കുമെതിരേ 2000ലാണ് കേസെടുത്തത്. 2013ൽ കോടതി ഇവരെ കുറ്റക്കാരെന്നു കണ്ടെത്തി ചൗത്താലക്ക് പത്തു വർഷത്തെ തടവ് വിധിച്ചു. 2015ൽ ഈ വിധി സുപ്രീം കോടതിയും ശരി വെച്ചു. 
നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഓം പ്രകാശ് ചൗത്താല. ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവായ ഓം പ്രകാശ് ചൗത്താല മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്.

Latest News