Sorry, you need to enable JavaScript to visit this website.

തായിഫ്, യാമ്പു എയർപോർട്ടുകൾ വഴി ഹാജിമാരെ സ്വീകരിക്കാൻ നീക്കം

ജിദ്ദ - വിദേശ രാജ്യങ്ങളിൽനിന്നുള്ള ഹജ് തീർഥാടകരെ തായിഫ്, യാമ്പു എയർപോർട്ടുകൾ വഴി സ്വീകരിക്കുന്നതിനെ കുറിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പഠനം നടത്തുന്നതായി അതോറിറ്റി വൃത്തങ്ങൾ വെളിപ്പെടുത്തി. നിലവിൽ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി മാത്രമാണ് ഹജ് തീർഥാടകരെ സ്വീകരിക്കുന്നത്. 
ജിദ്ദ, മദീന എയർപോർട്ടുകളിലെ തിരക്ക് കുറക്കുന്നതിന് പുതിയ നീക്കം സഹായകമാകും. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഈ പശ്ചാത്തലത്തിലാണ് തായിഫ്, യാമ്പു എയർപോർട്ടുകൾ വഴിയും തീർഥാടകരെ സ്വീകരിക്കുന്നതിനെ കുറിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പഠനം നടത്തുന്നത്. 
ഹജ് തീർഥാടകർക്ക് ലഭ്യമായ വിമാന സർവീസുകളുടെ ശേഷിയെ കുറിച്ചും അതോറിറ്റി പഠനം നടത്തുന്നുണ്ട്. ഹജ്, ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങൾ നിർണയിക്കുന്നതിനും ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ ശേഷി വർധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങളിൽ നിന്നും തിരിച്ചും സർവീസുകൾ നടത്തുന്നതിന് കൂടുതൽ വിമാനക്കമ്പനികൾക്ക് അനുമതി നൽകുകയും ഈ രാജ്യങ്ങളിലേക്കും തിരിച്ചും സർവീസുകൾ നടത്തുന്നതിന് വിമാന കമ്പനികൾക്ക് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യും. 
പുതിയ ജിദ്ദ എയർപോർട്ട് പൂർണ തോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ നാൽപതു ശതമാനം ഹജ് സർവീസുകളും ഒന്നാം നമ്പർ ടെർമിനലിൽ സ്വീകരിക്കും. ഇത് ഹജ് തീർഥാടകർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിൽ വലിയ കുതിച്ചുചാട്ടമാകുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ഡയറക്ടർ ബോർഡ് ഈ വർഷത്തെ അഞ്ചാമത്തെ യോഗം കഴിഞ്ഞ ദിവസം ചേർന്ന് ഹജ്, ഉംറ സർവീസുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നവീകരിക്കുന്ന കാര്യത്തിലുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്തതായും ബന്ധപ്പെട്ടവർ പറഞ്ഞു.

 

Latest News