മോഡി പ്രസംഗിക്കുന്നതിനിടെ കരിങ്കൊടി വീശിയ വിദ്യാര്‍ത്ഥിനിയെ ബിജെപി അണികളും പോലീസും തല്ലിച്ചതച്ചു-Video

പ്രയാഗ്‌രാജ് (അലഹാബാദ്)- ഞായറാഴ്ച പ്രയാഗ്‌രാജില്‍ അന്‍ഡാവയില്‍ പൊതുറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിക്കുന്നതിനിടെ കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനിയെ ബിജെപി അണികളും പോലീസും ചേര്‍ന്ന് തല്ലിച്ചതക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അലഹാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ രമ യാദവാണ് മര്‍ദനത്തിനിരയായത്. പ്രസംഗത്തിനിടെ രമ മോഡി വിരുദ്ധ മുദ്രാവാക്യം മുഴക്കി കരിങ്കൊടു വീശുകയായിരുന്നു. ഉടന്‍ തന്നെ ബിജെപി അണികളും പോലീസും ഇവര്‍ക്കു മേല്‍ ചാടി വീണ് കൂട്ടമായി മര്‍ദിച്ച് വേദിക്കു മുമ്പില്‍ നിന്നും മാറ്റി. പുറത്തേക്കു കൊണ്ടു പോകുന്നതിനിടെ പോലീസും രമയെ അടിക്കുന്നതായി വിഡിയോയില്‍ കാണാം. സമാജ് വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി പ്രവര്‍ത്തകയാണ് രമ. ജൂലൈയില്‍ അലഹാബാദില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹം തടഞ്ഞ സംഭവത്തിലും ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതക്കുന്ന വിഡിയോ വൈറലായതോടെ ട്വിറ്ററില്‍ ബിജെപിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ബേഠി പഠാവോ ബേഠി ബചാവോ ക്യാമ്പയിന്‍ നടത്തുന്ന ബിജെപി ഇങ്ങനെ പെണ്‍കുട്ടികളെ തല്ലിച്ചതക്കുന്നത് നാണക്കേടാണെന്ന് പലരും പ്രതികരിച്ചു.

Latest News