Sorry, you need to enable JavaScript to visit this website.

ഒമ്പത് വര്‍ഷം മുമ്പ് ടോയ്‌ലെറ്റില്‍ കളഞ്ഞുപോയ മോതിരം കിട്ടി; വിശ്വസിക്കാനാവാതെ വീട്ടമ്മ

ന്യൂജഴ്‌സി- ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനിടെ കളഞ്ഞു പോയ മോതിരം ഒമ്പത് വര്‍ഷത്തിനുശേഷം ഉടമക്ക് തിരികെ ലഭിച്ചു. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം. വിശ്വസിക്കാനാവാതെ 60 കാരി പൗള സ്റ്റാന്റോണ്‍ ഇക്കാര്യം മക്കളെ വിളിച്ചറിയിച്ച് ആഹ്ലാദം പങ്കിട്ടു.
സോമേര്‍സ് പോയിന്റില്‍ താമസിക്കുന്ന പൗളക്ക് ഭര്‍ത്താവ് മൈക്കിള്‍ ഇരുപതാം വിവാഹ വാര്‍ഷികത്തില്‍ സമ്മാനിച്ചതായിരുന്നു മോതിരം. 2009 ല്‍ ടോയ്‌ലെറ്റ് ക്ലീന്‍ ചെയ്യുന്നതിനിടയിലാണ് വിരലില്‍ അല്‍പം ലൂസായിരുന്ന മോതിരം ടോയ്‌ലറ്റിലേക്ക് പോയത്.
മോതിരം കിട്ടിയതായി കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പൗളയുടെ വീട്ടിന്റെ വാതിലില്‍ നോട്ടീസ് പതിച്ചത്. ആര്‍ക്കും ഇത് വിശ്വസിക്കാനായില്ലെന്ന് പൗള പറഞ്ഞു.
മോതിരം നഷ്ടമായതിനുശേഷം മൈക്കള്‍ പൗളക്ക് പുതിയ മോതിരം സമ്മാനിച്ചിരുന്നു. ഇനിയെങ്കിലും ഉറപ്പിച്ചുവെച്ചോ എന്നു പറയുകയും ചെയ്തിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് വീടിനടുത്ത് ശുചീകരണത്തിനെത്തിയവരോട് ചുമ്മാ സംഭവം പറഞ്ഞതായിരുന്നു. ഇനിയത് പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞുവെങ്കിലും തങ്ങള്‍ ഓര്‍മയില്‍വെക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായി ക്ലീനിംഗ് സംഘത്തിലുണ്ടായിരുന്ന് ടെഡ് ഗൊഗോള്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒരു മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മോതിരം ജോലിക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പഴയ കാര്യം ഓര്‍ത്ത ഗൊഗോള്‍ പൗളയുടെ വീട്ടിലെത്തിയപ്പോള്‍ അവര്‍ സ്ഥലത്തില്ലായിരുന്നു. കുടുംബത്തോടൊപ്പം യാത്ര പോയതിനിലാണ് വീട്ടുവാതിലില്‍ നോട്ടീസ് പതിച്ചത്.
ക്രിസ്മസ് അത്ഭുതമെന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് ഗൊഗോള്‍ പറഞ്ഞു. പെറോക്‌സൈഡും ലെമണ്‍ ജ്യൂസും ചേര്‍ത്ത് തിളപ്പിച്ച് അതില്‍ കഴുകിയ ശേഷം മോതിരം പൗളക്ക് കൈമാറി.

 

Latest News