കോട്ടയം- കേരളത്തിൽ നവോത്ഥാനം സ്ഥാപിക്കാനെന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമാണെന്നും യു.ഡി.എഫ് സർക്കാർ ചെയ്തതിന്റെ തുടർച്ചയാണ് എൽ.ഡി.എഫ് ചെയ്യുന്നതെന്നും എൻ.എസ്.എസ് ആരോപിച്ചു. വനിതാമതിൽ പങ്കെടുക്കണോ എന്നത് വിശ്വാസികൾക്ക് തീരുമാനിക്കാമെന്നും ആരുടെയും ചട്ടുകമാകാൻ എൻ.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമലയിൽ യുവതികളെ നിർബന്ധപൂർവ്വം കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെ നേരിടും. വിശ്വാസികൾക്കൊപ്പം സുപ്രീം കോടതിയെ സമീപിക്കും. ഈ മാസം 26ന് നടക്കുന്ന അയ്യപ്പജ്യോതിയിൽ വിശ്വാസികൾക്ക് പങ്കെടുക്കാം. അയ്യപ്പന്റെ പേരിലുള്ള ചടങ്ങിലാണ് വിശ്വാസികൾ പങ്കെടുക്കേണ്ടത്. എന്നാൽ ഇതിന് ആരെയും ആഹ്വാനം ചെയ്യുന്നില്ല. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് അതാത് സമയത്ത് തീരുമാനിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.