ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ 

പാലക്കാട്- അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പമ്പ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസുകാരെ തടഞ്ഞുവെന്ന കേസിലാണ് രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും റാന്നി ഗ്രാമ ന്യായാലയ ഉത്തരവിട്ടത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. 
കഴിഞ്ഞ ശനിയാഴ്ച ഒപ്പിടാന്‍ രാഹുല്‍ എത്തിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. 
അതേസമയം, തനിക്കെതിരെയുള്ള നീക്കം സി.പി.എം നേതാക്കളുടെ ഇടപെടലിന്റെ ഭാഗമാണെന്നും മന:പൂര്‍വ്വം പോലീസ് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.
എട്ടാം തിയതി പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്താന്‍ കഴിയാത്തത് മുന്‍ കൂട്ടി പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നെന്നും ദല്‍ഹിയില്‍ ആയതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും ഏതാനും മണിക്കൂറുകള്‍ വൈകി ആണെങ്കിലും പിന്നീട് ഒപ്പിട്ടെന്നും അദ്ദേഹം പറയുന്നു.

Latest News