Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന്റെ കാർഷിക കടം  എഴുതിത്തള്ളൽ തട്ടിപ്പെന്ന് പ്രധാനമന്തി

കുംഭമേള നടക്കുന്ന അലഹബാദിലെ ത്രിവേണീ സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലഭിഷേകം നടത്തുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം.

റായ്ബറേലി - കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനം വെറും തട്ടിപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കഴിഞ്ഞ 70 വർഷത്തിനിടെ രാജ്യത്തെ കർഷകർക്കു വേണ്ടി എന്തെങ്കിലും ചെയ്തത് തന്റെ സർക്കാരാണെന്നും, ഇതിനു മുമ്പ് കർഷകർക്ക് ദുരിതം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോഡി.
ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്ഗഢിലും ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് തോൽവികൾക്കു ശേഷം മോഡി ആദ്യമായി പങ്കെടുത്ത റാലിയായിരുന്നു യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തട്ടകം കൂടിയായ റായ്ബറേലി. വിവിധ വികസന പദ്ധതികളുടെ പേരിലായിരുന്നു റാലിയെങ്കിലും അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ അനൗപചാരിക പ്രചാരണോദ്ഘാടനമായിരുന്നു അത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും അധികാരത്തിലെത്തുന്ന സർക്കാരുകൾ പത്ത് ദിവസത്തിനകം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനത്തെ മോഡി ചോദ്യം ചെയ്തതും അതുകൊണ്ടാണ്. 
മുമ്പ് കർണാടകത്തിലും പത്ത് ദിവസത്തിനകം കർഷക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നതാണെന്നും, എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും അവർ അത് ചെയ്തിട്ടില്ലെന്നും മോഡി പറഞ്ഞു. ആയിരം കർഷകരുടെ കടങ്ങൾ പോലും അവിടെ എഴുതിത്തള്ളിയിട്ടില്ലെന്നാണ് പത്രങ്ങളിൽ വരുന്ന വാർത്ത. മുമ്പ് യു.പി.എ സർക്കാരും രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കർഷകരുടെ കടങ്ങൾ ആറ് ലക്ഷം കോടിയായിരുന്നെങ്കിലും യു.പി.എ അനുവദിച്ചത് വെറും അറുപതിനായിരം കോടി മാത്രമാണ്. അനർഹരായ 35 ലക്ഷം പേർ കടങ്ങളിൽനിന്ന് രക്ഷപ്പെട്ടപ്പോൾ, കർഷകർക്ക് പിന്നെയും ദുരിതമായിരുന്നു ഫലമെന്ന് മോഡി കുറ്റപ്പെടുത്തി.
കർഷകരെയും, കർഷക പ്രശ്‌നങ്ങളയും മനസ്സിലാക്കാൻ കഴിയുന്നത് ബി.ജെ.പിക്കു മാത്രമാണ്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കിക്കൊണ്ട് രാജ്യത്തെ കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്തിയത് തന്റെ സർക്കാരാണ്. അതുവഴി അറുപതിനായിരം കോടി രൂപയാണ് രാജ്യത്തെ കർഷകർക്കു വേണ്ടി സർക്കാർ ചെലവഴിച്ചത്. വിളകൾക്ക് താങ്ങുവില വർധിപ്പിച്ചതിനാൽ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നു. അതുപോലെ വിള ഇൻഷുറൻസ് പ്രിമിയം തുക ഒന്നര ശതമാനമായി കുറച്ചു. ഇതുവഴി വിള നഷ്ടപ്പെട്ട കർഷകർക്ക് 33,000 കോടി രൂപ ഇൻഷുറൻസായി ലഭിച്ചു. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് യു.പി.എ സർക്കാരിനായിരുന്നെങ്കിലും അതവർ നടപ്പാക്കിയില്ല. 
റായ്ബറേലിയിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനും എൻ.ഡി.എ സർക്കാർ വേണ്ടിവന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ യു.പി.എ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികളാണ് മോഡി ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

 

Latest News