പത്തു ദിവസത്തിനകം കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് നിയുക്ത ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പൂര്‍- അധികാരമേറ്റ് പത്തു ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് നിയുക്ത ചത്തീസഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെല്‍. ഈ വാഗ്ദാനം നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അദ്ദേഹം പറഞ്ഞു. അഞ്ഞു തവണ എംഎല്‍എയായ 57കാരന്‍ ബാഗേല്‍ ഒബിസി വിഭാഗമായ കുര്‍മി സമുദായക്കാരനാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 14 ശതമാനം വരും കുര്‍മി സമുദായം. മികച്ച നേതൃപാടവമുള്ള ജനപ്രിയ നേതാവു കൂടിയാണ് ബാഗെല്‍. 

2014ലാണ് ബാഗെല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്ന് തവണ തുടര്‍ച്ചയായി പരാജയപ്പെട്ടതിനു ശേഷം പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ശ്രമകരമായ ചുമതലയായിരുന്നു ബാഗെല്‍ ഏറ്റെടുത്തത്. പാര്‍ട്ടിയില്‍ ഉന്നത നേതാക്കള്‍ക്കിടയില്‍ പോര് രൂക്ഷമായ സമയം കൂടിയായിരുന്നു ഇത്. മുന്‍ മുഖ്യമന്ത്രിയും പിന്നീട് പാര്‍ട്ടി വിടുകയും ചെയ്ത അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പുമായായിരുന്നു പോര്.

അവിഭക്ത മധ്യപ്രദേശിലെ പടാനില്‍ നിന്ന് 1993ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1999ലെ മധ്യപ്രദേശിലെ ദിഗ്‌വിജയ സിങ് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. 2000ല്‍ ഛത്തീസ്ഗഢ് രൂപീകരിച്ച ശേഷം അജിത് ജോഗി സര്‍ക്കാരില്‍ റെവന്യു മന്ത്രിയുമായി. 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളോട് തോറ്റെങ്കിലും 2013ല്‍ പടാനില്‍ നിന്ന് വീണ്ടും ജയിച്ചു കയറി. ഈ വിജയം ഇത്തവണയും ആവര്‍ത്തിച്ചു.
 

Latest News