'പ്രതിരോധ ഇടപാടുകളില്‍ ക്വത്‌റോചി മാമനില്ല'; സോണിയയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ കൊട്ടി മോഡി

റായ്ബറേലി- യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയില്‍ പൊതുപരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിനെതിരായ ആക്രമണത്തിന് തുടക്കിട്ടു. റഫാല്‍ കരാറിലെ അഴിമതി, തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന ആരോപണങ്ങള്‍ക്കു മറുപടിയായാണ് റായബറേലിയില്‍ മോഡി പ്രസംഗിച്ചത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ടതിനു ശേഷം ആദ്യമായാണ് മോഡിയുടെ പ്രതികരണം. ഇവിടുത്തെ മോഡേണ്‍ കോച്ച് ഫാക്ടറി സന്ദര്‍ശിച്ച മോഡി 1,100 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കില്ലിടുകയും ചെയ്തു.

റായ്ബറേലിയുടെ വികസനത്തിന് കേന്ദ്രം പ്രതിജ്ഞാ ബദ്ധമാണെന്നും മുന്‍ സര്‍ക്കാരിന്റെ അവഗണന ഇവിടെ വ്യകതമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കുകയാണെന്ന് മോഡി ആരോപിച്ചു. 'ബിജെപി സര്‍ക്കാരിന്റെ പ്രതിരോധ കരാറുകളില്‍ ക്വത്‌റോച്ചി മാമനും ക്രിസ്റ്റീന്‍ മിഷേല്‍ അങ്കിളും ഇല്ലാത്തത് കൊണ്ടാണോ കോണ്‍ഗ്രസിന്റെ പ്രതിഷേധമെന്ന് അറിയാന്‍ ആഗ്രഹമുണ്ട്'- പൊതുപരിപാടിയില്‍ പ്രസംഗിക്കവെ മോഡി കോണ്‍ഗ്രസിനിട്ട് കൊട്ടി. 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടായ ബോഫോഴ്‌സ് അഴിമതി ആരോപണത്തെ പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു ഈ ആക്രമണം. ബോഫോഴ്‌സ് കരാറില്‍ കുറ്റാരോപിതനായ ഇറ്റാലിയന്‍ ഇടനിലക്കാരനായിരന്നു ഒട്ടോവിയോ ക്വത്‌റോചി. യുപിഎ സര്‍ക്കാരിന്റെ കാലത്തെ വിവിഐപി കോപ്റ്റര്‍ ഇടപാടിലെ ഇടനിനക്കാരനാണ് മിഷേല്‍. മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റഫാല്‍ കരാറില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവില്‍ പഴവ് ചൂണ്ടിക്കാട്ടിയതിനും കോണ്‍ഗ്രസിനെ മോഡി വിമര്‍ശിച്ചു. കോടതിയില്‍ വിശ്വാസമില്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണോ കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Latest News