റിയാദ് - വ്യാപാര സ്ഥാപനങ്ങളിലും കമ്പനി ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങളിലും കവർച്ചകൾ നടത്തിയ മൂന്നംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും കുടിയേറ്റ ഗോത്രക്കാരനും യെമനിയുമാണ് അറസ്റ്റിലായത്. റിയാദിലെ വിവിധ ഡിസ്ട്രിക്ടുകളിലും അൽഖർജിലും ദലമിലും പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും കമ്പനികളിലും സംഘം കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൂട്ടുകൾ പൊളിച്ച് സ്ഥാപനങ്ങളിൽ കയറി പണവും വിലപിടിച്ച വസ്തുക്കളും മോഷ്ടിച്ച് രക്ഷപ്പെടുകയാണ് സംഘം ചെയ്തിരുന്നത്. 97 സ്ഥാപനങ്ങളിൽ സംഘം കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്ന് പതിമൂന്നു ലക്ഷത്തിലേറെ റിയാൽ സംഘം കവർന്നു. അന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.