ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിന് മാലിദ്വീപ് പ്രസിഡന്റ് ഇന്നെത്തും

ന്യുദല്‍ഹി- മാലിദ്വീപില്‍ കഴിഞ്ഞ മാസം അധികാരമേറ്റ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് സോലിഹിന്റെ സന്ദര്‍ശനം. പ്രസിഡന്റ് റാംനാഥ് കോവിന്ദുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ സോലിഹിന് തിങ്കളാഴ്ച ഔപചാരിക സ്വീകരണം നല്‍കും. രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സമാധിയും അദ്ദേഹം സന്ദര്‍ശിക്കും. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരും സോലിഹുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മാലിദ്വീപിലേക്ക് തിരിച്ചു പോകുന്നതിന് മുമ്പ് ഭാര്യ ഫസന അഹ്മദിനൊപ്പം സോലിഹ് ആഗ്രയില്‍ താജ്മഹലും സന്ദര്‍ശിക്കും. 

സെപ്തംബറില്‍ അബ്ദുല്ല യമീനെ തോല്‍പ്പിച്ചാണ് സോലിഹ് മാലിദ്വീപില്‍ അധികാരത്തിലെത്തിയത്. യമീന്റെ ഭരണകാലത്ത് ചൈനയോട് കൂടുതല്‍ അടുത്ത മാലിദ്വീപ് ഇന്ത്യയുമായി അടുപ്പം കാണിച്ചിരുന്നില്ല. പരമ്പരാഗതമായി ഇന്ത്യയെ പിന്തുണച്ചു പോരുന്ന മാലിദ്വീപില്‍ യമീന്റെ ഭരണകാലത്ത് ചൈനീസ് സ്വാധീനം വര്‍ധിച്ചത് ആശങ്കയോടെയാണ് ഇന്ത്യ കണ്ടിരുന്നത്. സോലിഹ് അധികാരമേറ്റതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചത്. സോലിഹിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മോഡി പങ്കെടുത്തിരുന്നു. മാലിദ്വീപുമായുള്ള ഇന്ത്യയുടെ ഉറ്റബന്ധം പുതുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോഡി പറഞ്ഞിരുന്നു. നാലര വര്‍ഷമായി അധികാരത്തിലിരിക്കുന്ന മോഡി നിരവധി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും തൊട്ടടുത്ത ദ്വീപ് രാഷ്ട്രമായ മാലിദ്വീപില്‍ പോയിരുന്നില്ല.
 

Latest News