ലോട്ടറി ടിക്കറ്റെടുക്കാന്‍ 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ മോഷ്ടിച്ച ബാങ്ക് മാനേജര്‍ പിടിയില്‍

മിഡ്‌നാപൂര്‍- പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബുര്‍ദ്വാന്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മേമാഡി ശാഖയില്‍ നിന്ന് 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവത്തില്‍ സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ താരക് ജയ്‌സ്വാള്‍ പിടിയില്‍. ബാങ്കിലെ കറന്‍സി ചെസ്റ്റിന്റെ മേല്‍നോട്ട ചുമതല വഹിച്ചിരുന്ന താരക് തന്നെയാണ് 17 മാസത്തിനിടെ ഇവിടെ നിന്നും നഷ്ടമായ 84 ലക്ഷം വരുന്ന നാണയങ്ങള്‍ മോഷ്ടിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തെ കുറിച്ചുള്ള പോലീസ് അന്വേഷണത്തില്‍ ആശ്ചര്യപ്പെടുത്തുന്ന മോഷണകഥയാണ് പുറത്തു വന്നത്. ലോട്ടറി തലയ്ക്കു പിടിച്ച 35കാരനായ താരക് ഭാഗ്യപരീക്ഷണത്തിനായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാനാണ് ഇത്രയും വലിയ തുക, അതു നാണയങ്ങള്‍ മാത്രമായി താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ നിന്നും മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു. 

ബാങ്കിലെ വാര്‍ഷിക കണക്കെടുപ്പിനിടെയാണ് ഇത്രയും വലിയ തുകയുടെ നാണയങ്ങള്‍ കാണാതായ വിവരം പുറത്തറിയുന്നത്. ബാങ്കിന്റെ കറന്‍സി ചെസ്റ്റില്‍ നാണയങ്ങളുടെ വന്‍ ശേഖരം കണ്ടതിനെ തുടര്‍ന്ന് ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ ഓഡിറ്റര്‍മാര്‍ നവംബര്‍ 29നാണ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അപകടം മണത്ത മാനേജര്‍ താരക് ജയ്‌സ്വാള്‍ ബാങ്കില്‍ വരാതായി. ലീവിനു പോലും അപേക്ഷിക്കാതെയാണ് ഇയാള്‍ ജോലിക്ക് വരാതായത്. പിന്നീട് എണ്ണല്‍ തുടങ്ങിയതോടെ കണക്കിലെ വലിയ അന്തരങ്ങള്‍ കണ്ടെത്തി. കറന്‍സി ചെസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന താരക് സംശയത്തിന്റെ നിഴലിലായി. കണക്കെടുപ്പ് നടക്കുമ്പോള്‍ താരക് ബാങ്കില്‍ ഉണ്ടായിരിക്കണമെന്ന് ഓഡിറ്റര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കറന്‍സി ചെസ്റ്റിന്റെ താക്കോല്‍ ഭാര്യയുടെ കൈവശം കൊടുത്തു വിടുകയാണ് താരക് ചെയ്തത്. 

വന്‍തുകയുടെ നാണയങ്ങള്‍ കാണാതയതു സംബന്ധിച്ച് എസി.ബി.ഐ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താരകിനെ വെളളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരക് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ലോട്ടറി ടിക്കറ്റെടുകള്‍ എടുക്കാനാണ് പണം മോഷ്ടിച്ചതെന്ന് താരക് വെളിപ്പെടുത്തി. ഒരുനാള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും തന്റെ ലോട്ടറി ഭ്രമം കാരണം മോഷണത്തില്‍ നിന്ന് പിന്മാറാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ കുറ്റസമ്മത മൊഴില്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. എങ്ങനെയാണ് ഇത്രയും വലിയ തുകയുടെ നാണയങ്ങള്‍ താരക് ബാങ്കില്‍ നിന്ന് കടത്തി കൊണ്ടു പോയതെന്ന് അന്വേഷിച്ചു വരികയാണിപ്പോള്‍ പോലീസ്.

17 മാസത്തിനിടെ 84 ലക്ഷം രൂപയുടെ നാണയങ്ങള്‍ കടത്തിയെങ്കില്‍ ഒരു ദിവസം ചുരുങ്ങിയത് രണ്ടായിരം 10 രൂപാ നാണയങ്ങളെങ്കിലും മോഷ്ടിച്ചിരിക്കണം. അതേസമയം ഇത്രയും വലിയ നാണയ ശേഖരം ബാങ്കില്‍ എന്തിനു സൂക്ഷിച്ചുവെന്നതും പോലീസ് ചോദ്യം ചെയ്തു. എന്തു കൊണ്ട ഇവ റീജനല്‍ ഓഫീസിനോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കോ കൈമാറിയില്ലെന്ന് പോലീസ് അന്വേഷിക്കുന്നു.
 

Latest News