Sorry, you need to enable JavaScript to visit this website.

റഫാല്‍: കോണ്‍ഗ്രസിനെ 'തുറന്നു കാട്ടാന്‍' കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളുമിറങ്ങുന്നു; 70 വാര്‍ത്താ സമ്മേളനങ്ങള്‍ നാളെ

ന്യുദല്‍ഹി- റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും ഇത് തുറന്നു കാട്ടാന്‍ രാജ്യത്തുടനീളം തിങ്കളാഴ്ച 70 വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിജെപി. കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും വിവിധ നഗരങ്ങളില്‍ ഒരേസമയം വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ച് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാനാണു നീക്കം. രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കുഴപ്പത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബി.ജെ.പി ആരോപിച്ചു. റഫാല്‍ കരാറില്‍ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവ് വന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കള്ളപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിനെതിരെ പ്രത്യാക്രമണം.

റഫാല്‍ കരാറിലെ വിലനിര്‍ണ രീതികള്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) പരിശോധിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞ കള്ളം കോടതി വിധിയിലും ഉദ്ധരിച്ചതാണ് കേന്ദ്രത്തേയും ബിജെപിയേയും പ്രതിരോധത്തിലാക്കിയത്. റഫാല്‍ വിവരങ്ങളടങ്ങിയ റിപോര്‍ട്ട് പിഎസിക്ക് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ മുഖം രക്ഷിക്കാന്‍ വിധിയില്‍ തിരുത്ത് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയാണ് തിങ്കളാഴ്ച കൂട്ട വാര്‍ത്താ സമ്മേളനം നടത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണത്തിനൊരുങ്ങുന്നത്. റഫാലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടത്തിയ ഗൂഢാലോചന തുറന്നു കാട്ടുമെന്നാണ് ബിജെപി പറയുന്നത്.

മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്‌നാവിസ്, വിജയ് രൂപാണി, സര്‍ബാനന്ദ സോനോവാള്‍, എന്നിവര്‍ ഗുവാഹത്തി, അഹമദാബാദ്, ജയ്പൂര്‍, അഗര്‍ത്തല എന്നിവിടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തും. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാറാം, രവി ശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, ജെ.പി നദ്ദ, സ്മൃതി ഇറാനി, സുരേഷ് പ്രഭു, മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ വാര്‍ത്താ സമ്മേളനം നടത്തും.
 

Latest News