Sorry, you need to enable JavaScript to visit this website.

ശബരിമല ദര്‍ശനത്തിനു പോയ ഭിന്നലിംഗക്കാരെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു

കോട്ടയം- ശബരിമല ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട നാലു ഭിന്നലിംഗക്കാരടങ്ങുന്ന സംഘത്തെ എരുമേലിയില്‍ പോലീസ് തടഞ്ഞു. സ്ത്രീ വേഷം മാറ്റി പുരുഷവേഷം അണിയണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പോലീസ് ഇവരെ മടക്കിഅയച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഇവര്‍. അനന്യ, തൃപ്തി, അവന്തിക, രജ്ഞു എന്നിവരേയാണ് എരുമേലി പോലീസ് തടഞ്ഞത്. പോലീസ് മോശമായി പെരുമാറിയതായും ഇവര്‍ ആരോപിച്ചു. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായാണ് തങ്ങള്‍ എത്തിയതെന്നും തങ്ങളുടെ കൂട്ടത്തിലുളളവര്‍ മുമ്പും ഇത്തരത്തില്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് അനന്യ ആരോപിച്ചു. 

ഏതെങ്കിലും ഭക്തരുടെ സംഘം ഇവരെ തടഞ്ഞാല്‍ അത് സന്നിധാനത്തും നിലയ്ക്കലിലും ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് പോലീസ് പറയുന്നത്. ഇവരെ വനിതാ പോലീസിന്റെ അകമ്പടിയോടെ കോട്ടയത്തേക്കാണ് കൊണ്ടു പോയത്. കൊച്ചിയിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന് പോലീസ് ഇവരോട് ആവശ്യപ്പെട്ടു.

Latest News