തിരുവനന്തപുരം- ഹർത്താൽ ആര് നടത്തിയാലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. വി.ജെ.ടി ഹാളിൽ തിക്കുറിശി ജന്മശതാബ്ദിയോടനുബന്ധിച്ച് 11-ാമത് ദൃശ്യ മാധ്യമ സാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പാർട്ടിയായ ബി.ജെ.പി ഹർത്താൽ നടത്തിയാലും അംഗീകരിക്കാനാകില്ല. ഇവിടെ ഓരോരുത്തർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. തുടർച്ചയെന്നോണം എത്ര ഹർത്താലുകളാണ് കേരളത്തിൽ നടത്തുന്നതെന്ന് കണ്ണന്താനം ചോദിച്ചു. ഹർത്താൽ നടത്തുമ്പോൾ ടൂറിസത്തെ മാത്രം എങ്ങനെയാണ് ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഹർത്താലിനിടയിൽ 2000 വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. അവരെത്തിയപ്പോൾ കടകൾ അടച്ചിട്ടിരിക്കുന്നു, വാഹനങ്ങൾ ഓടുന്നില്ല. പിന്നെങ്ങനെ ടൂറിസ്റ്റുകൾക്ക് പുറത്തിറങ്ങാനും യാത്ര ചെയ്യാനും ഷോപ്പിംഗ് നടത്താനും കഴിയുമെന്ന് കണ്ണന്താനം ചോദിച്ചു. നമുക്ക് അടിസ്ഥാന കാര്യങ്ങളിൽ ചിന്ത വേണം. നമ്മുടെ കുട്ടികൾക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ടൂറിസത്തിൽ നിന്ന് 234 ബില്യൻ ഡോളറാണ് വരുമാനം ലഭിക്കുന്നത്. ജി.ഡി.പിയുടെ വളർച്ചയിൽ ടൂറിസം വലിയ പങ്കു വഹിക്കുന്നതായും കണ്ണന്താനം പറഞ്ഞു. മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായി മൊബൈൽ ഫോൺ മാറിയിരിക്കുകയാണ്. ഒരു വീട്ടിലെ ഓരോ അംഗവും മുറിയിൽ പോയിരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുന്നതിനാൽ കുടുംബാംഗങ്ങൾ തമ്മിൽ ആശയ വിനിമയം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലയിലുള്ള ദൃശ്യമാധ്യമ പുരസ്‌കാരങ്ങളും സാഹിത്യ പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രഭാവർമ, സുരേഷ് മാത്യു, കെ.സുദർശനൻ, കവിത സോനേഷ് എന്നിവർ പ്രസംഗിച്ചു. തിക്കുറിശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂർ സ്വാഗതം പറഞ്ഞു.






