അപകടത്തിൽപെട്ട യുവാവിനെ പലരും കണ്ടില്ലെന്ന് നടിച്ചു; ഒടുവിൽ എം.എൽ.എ രക്ഷകനായി

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനു സമീപം കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ടി.വി.ഇബ്രാഹിം.

കൊണ്ടോട്ടി- ലോറിയിടിച്ച് തെറിച്ച് റോഡരികിൽ അബോധാവസ്ഥയിൽ കിടന്ന ബൈക്ക് യാത്രികനായ യുവാവിന് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ രക്ഷകനായി. പാലക്കാട്-കോഴിക്കോട് ദേശീയപാത-213 മൊറയൂരിനും പോത്തുവെട്ടിപ്പാറക്കുമിടയിൽ ലോറിയിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രികൻ വഴിക്കടവ് അടങ്ങുംപുറം അമീൻ അഹ്‌സനാണ് (23) എം.എൽ.എ  ടി.വി.ഇബ്രാഹിമിന്റെ അവസരോചിത ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടയത്.
ഇലക്ട്രീഷ്യനായ അമീൻ അഹ്‌സൻ വഴിക്കടവിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് ബൈക്കിൽ ദേശീയപാതയിൽ സഞ്ചരിക്കവെ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡരികിലെ കുറ്റിക്കാട്ടിലേക്ക് തെറിച്ച് വീണു. അമീന്റെ തലയുടെ ഭാഗം മാത്രമാണ് റോഡരികിൽ കാണത്തക്ക രീതിയിലുണ്ടായിരുന്നത്. അമീൻ മരണപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതി പലരും അപകടം കണ്ടില്ലെന്ന് നടിച്ച് കടന്നുപോയി. ചിലർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പിറകെ വന്ന വാഹനങ്ങൾക്ക് കൈകാണിച്ചപ്പേൾ നിർത്തിയതുമില്ല.
പിന്നീട് ഏറെ നേരം കഴിഞ്ഞാണ് കൊണ്ടോട്ടിയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന എം.എൽ.എ സംഭവം കണ്ടത്. ഉടനെ വാഹനം നിർത്തി അമീനെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബോധം തിരിച്ചെത്തിയതോടെ വഴിക്കടവിലെ കുടുംബത്തെ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ കൊണ്ടോട്ടിയിലെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയിലെത്തിയതോടെയാണ് എം.എൽ.എ മറ്റു പരിപാടികളിലേക്ക് നീങ്ങിയത്. കുടുംബം എം.എൽ.എക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അപകടം വരുത്തിയ ലോറി പിന്നീട് കൊട്ടുക്കരയിൽ വെച്ച് പിടികൂടി. തോളല്ലിന് പരിക്കേറ്റ അമീൻ കൊണ്ടോട്ടിയിൽ ചികിൽസയിലാണ്. 
ജീവിത്തിന്റെ പരക്കം പാച്ചിലിനിടയിൽ അപടകടങ്ങളിൽ പരിക്കേറ്റ് കിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാനുളള സുമനസ്സെങ്കിലും കാണിക്കാത്ത മനോഭാവം നമുക്കിടിയിലും വളരുന്നത് ഭീതിപ്പെടുത്തുകയാണെന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ പറഞ്ഞു.

Latest News