Sorry, you need to enable JavaScript to visit this website.

ഛത്തീസ്ഗഢില്‍ ആരെന്ന് ഉടന്‍ അറിയാം; നാലു 'മുഖ്യമന്ത്രി'മാരുമൊത്ത് രാഹുല്‍, ഒറ്റയ്ക്കു കളിച്ചാല്‍ പാളുമെന്ന മുന്നറിയിപ്പും

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രി തര്‍ക്കം അവസാനിച്ചെങ്കിലും ഇനിയും തീരുമാനമാകാത്ത ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി പദവിക്കായി മത്സരിക്കുന്നത് നാലുപേര്‍. ഇതിനകം തീരുമാനമായ രാജസ്ഥാനിലും മധ്യപ്രദേശിലും രണ്ടു വീതം പേരുകളാണ് ഉണ്ടായിരുന്നത്. നേതാക്കളുടെ എണ്ണം കൂടിയതോടെ തീരുമാനം വൈകിയ ഛത്തീസഢിന്റെ കാര്യത്തില്‍ ഞായറാഴ്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അന്തിമ പ്രഖ്യാപനം ഉണ്ടാകും. ഭുപേഷ് ബഗല്‍, ടി.എസ് സിങ് ദേവ്, തംറധ്വജ് സാഹു, ചരണ്‍ ദാസ് മഹന്ത് എന്നിവരാണ് മുഖ്യമന്ത്രി പദം കാത്തിരിക്കുന്നത്. ഇവരെ ദല്‍ഹിയിലേക്കു വിളിച്ചു വരുത്തി രാഹുലും ഉന്നത നേതാക്കളും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തി. ഞായറാഴ്ച രാവിലെ ഇവര്‍ നാലു പേരും കൂടാതെ പാര്‍ട്ടി നിരീക്ഷകന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന ചുമതലയുള്ള സെക്രട്ടറി പി.എല്‍ പുനിയ എന്നിവരും റായ്പൂരിലേക്ക് തിരിച്ചുപോകും. ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തിനു ശേഷം മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും. 

ശനിയാഴ്ച ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് രാഹുല്‍ നാലു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തത്. കൂടെ അമേരിക്കന്‍ സംരംഭകനായ റീഡ് ഹൊഫ്മാന്റെ ഒരു വാചകവും. 'നിങ്ങള്‍ എത്രത്തോളം ബുദ്ധിമാന്മാരും സമര്‍ത്ഥരുമാണ് എന്നതില്‍ കാര്യമില്ല. നിങ്ങള്‍ ഒറ്റയ്ക്കാണ് കളിക്കുന്നതെങ്കില്‍ ഒരു ടീമിനോട് എപ്പോഴും തോല്‍ക്കേണ്ടി വരും' എന്ന ഹോഫ്മാന്റെ വാചകമാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ചത്തീസ്ഗഢില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭുപേഷ് ബഗലിനാണ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടയുള്ള ഉന്നത നേതാക്കളുമായി തിരക്കിട്ട ചര്‍ച്ചകളാണ് ശനിയാഴ്ച നടന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പരിഗണിക്കപ്പെട്ട നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.
 

Latest News