Sorry, you need to enable JavaScript to visit this website.

അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി സൗദി കുറക്കും

റിയാദ് - അടുത്ത മാസം മുതൽ അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി വലിയ തോതിൽ കുറക്കാൻ സൗദി അറേബ്യക്ക് പദ്ധതി. ജനുവരി മുതൽ എണ്ണ കയറ്റുമതി കുറക്കുമെന്ന് അമേരിക്കയിൽ എണ്ണ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്നവരെ സൗദി അറേബ്യ അറിയിച്ചു. പ്രതിദിന എണ്ണ കയറ്റുമതി 5,82,000 ബാരലിലേക്ക് കുറക്കുന്നതിനാണ് പദ്ധതി. മുപ്പതു വർഷത്തിനിടയിൽ അമേരിക്കയിലേക്കുള്ള സൗദിയുടെ ഏറ്റവും കുറഞ്ഞ എണ്ണ കയറ്റുമതിയാണിത്. 
കഴിഞ്ഞ മൂന്നു മാസത്തെ ശരാശരിയെ അപേക്ഷിച്ച് അടുത്ത മാസം അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ നാൽപതു ശതമാനത്തോളം കുറവാണ് സൗദി അറേബ്യ വരുത്തുക. അടുത്ത മാസം മുതൽ പ്രതിദിന ഉൽപാദനത്തിൽ പന്ത്രണ്ടു ലക്ഷം ബാരലിന്റെ കുറവ് വരുത്താൻ ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ സൗദി കുറവ് വരുത്തുന്നത്. കഴിഞ്ഞ മാസം പ്രതിദിനം 11.1 ദശലക്ഷം ബാരൽ തോതിലാണ് സൗദി അറേബ്യ എണ്ണ ഉൽപാദിപ്പിച്ചത്. അടുത്ത മാസം മുതൽ ഇത് 10.2 ദശലക്ഷം ബാരലായി കുറക്കുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വ്യക്തമാക്കിയിട്ടുണ്ട്. നവംബറിലും ഡിസംബറിലും പ്രതിദിനം 80 ലക്ഷത്തോളം ബാരൽ എന്ന നിലയിലാണ് സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി. അടുത്ത മാസം ഇത് 70 ലക്ഷം ബാരലായി കുറയും. ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയാൻ ശ്രമിച്ചാണ് ഒപെക് രാജ്യങ്ങളും സംഘടനക്ക് പുറത്തുള്ള റഷ്യ അടക്കമുള്ള പ്രധാന ഉൽപാദക രാജ്യങ്ങളും ഉൽപാദനത്തിൽ കുറവ് വരുത്തുന്നതിന് ധാരണയിലെത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം അവഗണിച്ചാണ് എണ്ണയുൽപാദനം കുറക്കാൻ സൗദി മുൻകൈയെടുത്തത്. 

Latest News