ന്യൂദൽഹി- സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റ് തുന്നം പാടിയ ബി.ജെ.പിയ്ക്ക് നിയന്ത്രണം തെറ്റുന്നു. ഹിന്ദി ഹൃദയഭൂമിയിലെ നിർണായക സംസ്ഥാനമായ മധ്യപ്രദേശ് നഷ്ടമായതാണ് ചിന്തിക്കാൻ പോലും പറ്റാത്തത്.
ഇക്കാരണത്താൽ തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബിജെപിയുടെ ഏറ്റവും വലിയ ശത്രുവായി മാറി. ഏറ്റവുമൊടുവിൽ രാഹുലിനെ പരസ്യമായി അപമാനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ.
രാഹുൽ ദേശവിരുദ്ധനാണെന്നാണ് പ്രസ്താവന. യുപിഎ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധിയെയും അദ്ദേഹം വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സോണിയാ ഗാന്ധിയെ കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. മോഡിയുടെ അമ്മയെ പ്രചാരണത്തിലേക്ക് വലിച്ചിഴച്ചിരുന്നു കോൺഗ്രസ് നേതാക്കൾ. എന്നാൽ രാഹുൽ ഇതിൽ ഇടപെട്ടതോടെ അവർ മാപ്പുപറഞ്ഞിരുന്നു. ഒരു വിദേശി, അതും ഇന്ത്യക്കാരിയല്ലാത്ത അമ്മയ്ക്ക് പിറന്ന മകനെ രാജ്യം ഒരിക്കലും വിശ്വസിക്കാൻ പാടില്ലെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ പരാമർശം. വിദേശ വനിതയ്ക്ക് ജനിക്കുകയും അവരുടെ വാക്കുകൾ കേട്ട് വളരുകയും ചെയ്ത ഒരാൾക്ക് രാജ്യസ്‌നേഹത്തെ പറ്റി ഒന്നും അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പരാമർശം വൻ വിവാദമായിട്ടുണ്ട്. എന്നാൽ താൻ മാപ്പുപറയില്ലെന്ന് വർഗീയ വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിൽ നിന്ന് വിവാദ ട്വീറ്റിന് മറുപടിയും എത്തിയിട്ടുണ്ട്. ഭ്രാന്തിന് ചികിത്സ തേടേണ്ട സമയമായി വിജയ് വർഗീയക്കെന്നാണ് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞത്. മധ്യപ്രദേശിലെ തോൽവി അദ്ദേഹത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. ഇത്തരം മാനസിക നിലയുള്ളവർക്ക് ദൈവം നല്ല വഴി കാണിക്കട്ടെയെന്നായിരുന്നു പരിഹാസം നിറഞ്ഞ മറുപടി. സോഷ്യൽ മീഡിയ വഴി നിരവധി പരിഹാസങ്ങളും വിജയ് വർഗീയക്ക് ലഭിക്കുന്നുണ്ട്. വിജയ് വർഗീയ മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു. സുപ്രധാനമായ മാൽവ നിമർ മേഖലയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. സംസ്ഥാനത്തിന്റെ മൊത്തം തോൽവിയെ ബാധിച്ചത് ഇക്കാരണമാണ്. ഇവിടെ രാഹുൽ ഗാന്ധിയുടെ പ്രചാരണം വൻ വിജയമായിരുന്നു. ഇതാണ് രാഹുലിനെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള നീക്കത്തിന് പിന്നിൽ.
വിവാദങ്ങൾ കൊണ്ട് എന്നും ബിജെപിക്ക് തലവേദനയാവുന്ന നേതാവാണ് വിജയ് വർഗീയ. മധ്യപ്രദേശിനെ പിടിച്ച് കുലുക്കിയ വ്യാപം അഴിമതി ചെറിയ അഴിമതിയാണെന്നായിരുന്നു വിജയ് വർഗീയയുടെ പരാമർശം. കേസിന്റെ അന്വേഷണത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ അക്ഷയ് സിംഗിന്റെ മരണം ഗൗരവപ്പെട്ടതല്ലെന്നും സ്വന്തം ജീവനേക്കാൾ വലുതായി കേസിനെ കണ്ടതുകൊണ്ട് സംഭവിച്ചതാണെന്നും വിജയ് വർഗീയ പറഞ്ഞിരുന്നു. ഇത് വൻ വിവാദമാണ് ഉണ്ടാക്കിയത്.