Sorry, you need to enable JavaScript to visit this website.

വ്യവസായ സ്ഥാപനങ്ങളിൽ  ഭൂരിഭാഗവും ചെറുകിട വിഭാഗത്തിൽ

റിയാദ് - രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും ചെറുകിട സ്ഥാപനങ്ങളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. രാജ്യത്ത് ആകെ 1,12,700 വ്യവസായ സ്ഥാപനങ്ങളാണുള്ളത്. ഇതിൽ 88,239 എണ്ണവും അഞ്ചിൽ കൂടുതൽ ജീവനക്കാരില്ലാത്ത ചെറുകിട സ്ഥാപനങ്ങളാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ കൂടുതൽ മക്ക പ്രവിശ്യയിലാണ്. മക്ക പ്രവിശ്യയിൽ ഈ വിഭാഗത്തിൽ പെട്ട 20,914 സ്ഥാപനങ്ങളുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ 23.7 ശതമാനവും മക്ക പ്രവിശ്യയിലാണ്. റിയാദിൽ 20,199 ഉം കിഴക്കൻ പ്രവിശ്യയിൽ 14,043 ഉം ചെറുകിട വ്യവസായ സ്ഥാപനങ്ങളുണ്ട്. ഈ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളിൽ 62.51 ശതമാനവും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലാണ്. 
ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ കൂടുതലും റെഡിമെയ്ഡ് വസ്ത്ര നിർമാണ യൂനിറ്റുകളാണ്. ഇത്തരത്തിൽ പെട്ട 30,701 സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള മെറ്റൽസ് മോൾഡിംഗ് മേഖലയിൽ 15,193 സ്ഥാപനങ്ങളും മൂന്നാം സ്ഥാനത്തുള്ള ഉപകരണ മെയിന്റനൻസ് മേഖലയിൽ 11,562 സ്ഥാപനങ്ങളുമുണ്ട്. ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ 56 ശതമാനവും ഈ മൂന്നു വിഭാഗം സ്ഥാപനങ്ങളാണ്. 
ആറു മുതൽ 49 വരെ ജീവനക്കാരുള്ള 18,037 വ്യവസായ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇത്തരം സ്ഥാപനങ്ങൾ കൂടുതൽ റിയാദിലാണ്. റിയാദ് പ്രവിശ്യയിൽ ഈ വിഭാഗത്തിൽ പെട്ട 5,531 സ്ഥാപനങ്ങളുണ്ട്. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 5,043 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 4,381 ഉം സ്ഥാപനങ്ങളുണ്ട്. ഈ വിഭാഗം സ്ഥാപനങ്ങളിൽ 83 ശതമാനവും റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യകളിലാണ്. 50 മുതൽ 249 വരെ ജീവനക്കാരുള്ള 5,869 വ്യവസായ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. ഇതിൽ 1,556 എണ്ണം റിയാദിലും 1,414 എണ്ണം മക്ക പ്രവിശ്യയിലും 1,771 എണ്ണം കിഴക്കൻ പ്രവിശ്യയിലുമാണ്. രാജ്യത്തെ ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ 70.5 ശതമാനവും ഈ മൂന്നു പ്രവിശ്യകളിലുമാണ്. 250 ഉം അതിൽ കൂടുതലും ജീവനക്കാരുള്ള 640 വൻകിട വ്യവസായ ശാലകളാണ് രാജ്യത്തുള്ളത്. ഇത്തരം സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ റിയാദിലാണ്. റിയാദിൽ 209 വൻകിട വ്യവസായശാലകളുണ്ട്. മക്ക പ്രവിശ്യയിൽ 156 ഉം കിഴക്കൻ പ്രവിശ്യയിൽ 155 ഉം വൻകിട വ്യവസായശാലകൾ പ്രവർത്തിക്കുന്നു. വൻകിട വ്യവസായശാലകളിൽ 81 ശതമാനവും ഈ മൂന്നു പ്രവിശ്യകളിലുമാണ്. 
രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിൽ 12,11,982 പേർ ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ 3,74,497 പേർ സൗദികളും 8,37,485 പേർ വിദേശികളുമാണ്. വ്യവസായ മേഖലയിൽ സൗദിവൽക്കരണം 31 ശതമാനമായി ഉയർന്നിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങളിൽ ഏറ്റവും കുറവ് കൽക്കരി, ലിഗ്‌നൈറ്റ് സ്ഥാപനങ്ങളാണ്. ഈ മേഖലയിൽ ആകെ ഏഴു സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ഇവയെല്ലാം അഞ്ചും അതിൽ കുറവും ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളാണ്. 
വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 3,51,659 പേർ വ്യവസായ മേഖലയിൽ ജോലി ചെയ്യുന്നു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയിൽ 3,00,021 പേരും കിഴക്കൻ പ്രവിശ്യയിൽ 2,76,265 പേരും മദീനയിൽ 96,663 പേരും അൽഖസീമിൽ 46,059 പേരും അസീറിൽ 33,611 പേരും തബൂക്കിൽ 20,558 പേരും ഹായിലിൽ 16,683 പേരും ഉത്തര അതിർത്തി പ്രവിശ്യയിൽ 8,176 പേരും ജിസാനിൽ 24,299 പേരും നജ്‌റാനിൽ 15,148 പേരും അൽബാഹയിൽ 10,017 പേരും അൽജൗഫിൽ 12,643 പേരും ഈ മേഖലയിൽ ജോലി ചെയ്യുന്നു. വ്യവസായ സ്ഥാപനങ്ങളിൽ 31,000 വിദേശ വനിതകളും പതിനായിരം സൗദി വനിതകളും ജോലി ചെയ്യുന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റി സ്റ്റിക്‌സ് അറിയിച്ചു.
 

Latest News