Sorry, you need to enable JavaScript to visit this website.

ഹറം വികസന പദ്ധതി ജോലികൾ പുനരാരംഭിച്ചു

മക്ക - വിശുദ്ധ ഹറമിലെ പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി, ഹറംകാര്യ വകുപ്പ് ഹറം വികസന പദ്ധതി ജോലികൾ പുനരാരംഭിച്ചു. വിശുദ്ധ ഹറമിലെ ഏറ്റവും പ്രധാന കവാടമായ കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റിലാണ് ജോലികൾ തകൃതിയായി നടക്കുന്നത്. കിംഗ് അബ്ദുൽ അസീസ് ഗെയ്റ്റ് അടച്ചിട്ടുണ്ട്. സമീപത്തെ മറ്റു കവാടങ്ങളിലേക്ക് വിശ്വാസികളെ തിരിച്ചുവിടുകയാണ്. 
എത്രയും വേഗത്തിൽ ജോലികൾ പൂർത്തിയാക്കാനാണ് ശ്രമമെന്ന് ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി മശ്ഹൂർ അൽമുൻഅമി പറഞ്ഞു. ആകെ 14,70,000 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് മൂന്നാമത് സൗദി ഹറം വികസന പദ്ധതി നടപ്പാക്കുന്നത്. 


പദ്ധതി പൂർത്തിയാകുന്നതോടെ വിശുദ്ധ ഹറമിൽ ഒരേ സമയം പതിനാറു ലക്ഷത്തിലേറെ പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. മൂന്നാമത് സൗദി വികസന പദ്ധതി ഭാഗത്ത് അടിയിലെ നിലയിൽ മാത്രം 78 കവാടങ്ങളുണ്ട്. വികസന ഭാഗത്തെ മെയിൻ ഗെയ്റ്റ് റിമോട്ട് കൺട്രോൾ സംവിധാനം ഉപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. മൂന്നു കവാടങ്ങൾ അടങ്ങിയതാണ് ഈ ഗെയ്റ്റ്. ഇതിൽ ഓരോ കവാടത്തിനും രണ്ടു പൊളികൾ വീതമുണ്ട്. ഇതിൽ ഓരോ പൊളിക്കും 18 ടൺ വീതം ഭാരമുണ്ട്. മൂന്നാമത് വികസന ഭാഗത്തെ കെട്ടിടം മൂന്നു നിലകളിലാണ് നിർമിച്ചിരിക്കുന്നത്. ആകെ 3,20,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഈ ഭാഗത്ത് ഒരേ സമയം മൂന്നു ലക്ഷത്തിലേറെ പേർക്ക് നമസ്‌കാരം നിർവഹിക്കുന്നതിന് സാധിക്കും. ഇവിടെ ആകെ 4,524 സ്പീക്കറുകളും 6,635 നിരീക്ഷണ ക്യാമറകളുമുണ്ട്. അഗ്നിശമന മുന്നറിയിപ്പ് സംവിധാനവും കേന്ദ്രീകൃത രീതിയിൽ പൊടിപടലങ്ങൾ വലിച്ചു നീക്കം ചെയ്യുന്ന സംവിധാനം അടക്കമുള്ള ശുചീകരണ സംവിധാനങ്ങളുമുണ്ട്.
വിശുദ്ധ ഹറമിൽ കിംഗ് അബ്ദുൽ അസീസ് കവാടത്തിനു സമീപം നടക്കുന്ന നിർമാണ ജോലികൾ.

 

Latest News