ന്യൂദൽഹി- രാജസ്ഥാൻ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടിനെ പാർട്ടി ഹൈക്കമാന്റ് പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയായി സചിൻ പൈലറ്റിനെയും തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻഡ രാഹുൽ ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സചിൻ പൈലറ്റുമായും അശോക് ഗെഹ്‌ലോട്ടുമായും ഒന്നരദിവസത്തിനുള്ളിൽ നിരവധി തവണയാണ് ദേശീയ നേതാക്കൾ ചർച്ച നടത്തിയത്. രാഹുൽ ഗാന്ധിക്ക് പുറമെ, പ്രിയങ്ക ഗാന്ധിയും ചർച്ചയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. ജയ്പൂരിൽ പാർട്ടി എം.എൽ.എമാരുടെ യോഗത്തിന് പകരം ദൽഹി പാർട്ടി ആസ്ഥാനത്താണ് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്തും സചിൻ പൈലറ്റ് തുടരും. സചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട ഗുജ്ജാർ സമുദായത്തിൽനിന്നുള്ളവർ ഇന്ന് രാവിലെയും ഹൈവേ ഉപരോധിച്ചിരുന്നു. അൽവാറിലെ ദേശീപാതയാണ് സമരക്കാർ ഉപരോധിച്ചത്.






