Sorry, you need to enable JavaScript to visit this website.

സൗദിയുടെ സ്വപ്നപദ്ധതിക്ക് മലയാളികളുടെ കൈത്താങ്ങ്

വഅദശ്ശിമാൽ സ്വപ്ന പദ്ധതി:
ഖനന കമ്പനികളിൽ നൂറു കണക്കിന് മലയാളികൾ

 

തുറൈഫ്- സൗദി അറേബ്യയുടെ സാമ്പത്തിക മേഖലക്ക് പതിന്മടങ്ങ് കരുത്തേകുന്ന വടക്കൻ അതിർത്തി പ്രവിശ്യയിലെ വഅദശ്ശിമാൽ പദ്ധതി യാഥാർഥ്യമാക്കിയതിന് പിന്നിൽ മലയാളികൾക്കും പ്രമുഖ പങ്കാളിത്തം. കഴിഞ്ഞ മാസം 22ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സ്വിച്ച് ഓൺ കർമം നിർവഹിച്ചതിലൂടെ ഈ പ്രദേശം ആഗോള വാർത്താ മാധ്യമങ്ങളിൽ ഒന്നുകൂടി നിറഞ്ഞുനിന്നു. തുറൈഫ് നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വഅദശ്ശിമാൽ സൗദിയിലെ ഏറ്റവും വലിയ വ്യവസായ നഗരങ്ങളിൽ ഒന്നായി മാറുകയാണ്. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം നൽകുക മാത്രമല്ല. ആയിരക്കണക്കിന് വിദഗ്ധരും അവിദഗ്ധരുമായ സ്വദേശി പൗരന്മാർക്ക് ഈ വ്യവസായ നഗരം ജോലിയും സമ്മാനിക്കുന്നു. 
60 ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയിൽ തുടക്കത്തിൽ 21 ബില്യൺ റിയാൽ മുടക്കി ആരംഭിച്ച ഈ പദ്ധതിക്ക് സൗദി ഭരണ നേതൃത്വം വലിയ പ്രാധാന്യമാണ് നൽകുന്നത്. ഫോസ്‌ഫേറ്റ് ആണ് വഅദശ്ശിമാലിൽ പ്രധാനമായും ഖനനം ചെയ്യുന്നത്. ഫോസ്‌ഫേറ്റ് കൊണ്ടുപോകുന്നതിനായി തുറൈഫിനെയും ദമാമിനെയും ബന്ധിപ്പിച്ച് 1300 കിലോമീറ്ററിൽ റെയിൽവേ പാതയുടെ നിർമാണം നേരത്തെ പൂർത്തിയാക്കിയിരുന്നു. 
സൗദി മആദിൻ ഫോസ്‌ഫേറ്റ് കമ്പനിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഈ കമ്പനിയുടെ കീഴിൽ പ്രധാനമായും നസ്മ, അൽഹർബി, സെനോപാക്ക്, ഗൾഫ് ഏഷ്യ, ഹാൻവ, എച്ച്.ക്യൂ.സി, ഫെമസ്‌കൊ, എസ്.എൻ.സി ലാവ്‌ലിൻ കാംകോ, അൽ റാഷിദ് എന്നീ പത്ത് വൻകിട കമ്പനികളാണ് പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവയിൽ മിക്കതിലും നൂറുകണക്കിന് മലയാളികളാണ് ജോലി ചെയ്തു വരുന്നത്.  
മലയാളികളിൽ സാങ്കേതിക വിദഗ്ധർ, സിവിൽ, മെക്കാനിക്ക്, ടെലികോം, കമ്പ്യൂട്ടർ തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ എൻജിനീയർമാർ, മാനേജർമാർ, സെക്രട്ടറിമാർ, സാധാരണ ടെക്‌നീഷ്യൻസ് തുടങ്ങി അനേകം പേർ ഉന്നത തസ്തിക അലങ്കരിക്കുന്നുണ്ട്. കൂടാതെ ഓരോ കമ്പനി സൈറ്റിലും പ്രവർത്തിക്കുന്ന ക്ലിനിക്കുകളിൽ നിരവധി മലയാളി പുരുഷ നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇതിന് പുറമെ, ഡ്രൈവർമാർ, ഓഫീസ് ജീവനക്കാർ, പ്ലംബർമാർ, പാചകക്കാർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്ത് കുടുംബം പോറ്റുന്ന മലയാളികളുണ്ട്. ഗൾഫ് ഏഷ്യ തന്നെയാണ് കൂടുതൽ മലയാളികൾക്ക് ഉപജീവനം സാധ്യമാക്കിയതെന്ന് പറയാം. 
സൗദിയുടെ സാമൂഹ്യ സാമ്പത്തിക വ്യവസായ കുതിപ്പിന് അനൽപമായ ഊർജം പ്രദാനം ചെയ്യുന്ന ഈ പദ്ധതിക്ക് പിന്നിൽ വിയർപ്പൊഴുക്കിയ അനേകായിരം വിദേശികളിൽ മലയാളികളുടെ പങ്ക് വലുതാണെന്ന് കമ്പനി മേധാവികൾ സാക്ഷ്യപ്പെടുത്തുന്നു. 3000, 2000 തുടങ്ങി 500 തൊഴിലാളികൾ വരെ ഉള്ള നൂറോളം ചെറുതും വലുതുമായ കമ്പനികൾ മൂന്ന് വർഷം അധ്വാനിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തന ക്ഷമമാക്കിയത്.
കുറെയേറെ തൊഴിലാളികളും കമ്പനികളും വഅദശ്ശിമാലിൽ വന്നുപോയിട്ടുണ്ട്. കഴിഞ്ഞ മാസം സൽമാൻ രാജാവ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തതോടെ കൂടുതൽ കമ്പനികളും തൊഴിലാളികളും വീണ്ടും എത്തുമെന്നാണ് പ്രതീക്ഷ. പുതിയ ഖനന വ്യവസായ നഗരത്തിൽ സ്‌കൂളുകളും ആശുപത്രികളും പള്ളികളും നിർമിക്കേണ്ടതുണ്ട്. തുറൈഫ് എയർപോർട്ടിൽ നിന്ന് 15 കിലോമീറ്റർ അകത്തിലാണ് വഅദശ്ശിമാൽ. നിലവിൽ ആഭ്യന്തര സർവീസ് മാത്രമുള്ള തുറൈഫ് എയർപോർട്ടിൽ ഈ വൻകിട പദ്ധതി പ്രദേശത്തിന്റെ പ്രാധാന്യം കാരണം അന്താരാഷ്ട്ര സർവീസ് കൂടി ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥ തലത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. 


 

Latest News