Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാരിന് ആശ്വാസം; റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും 36 റഫാല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. അനില്‍ അംബാനിയുടെ റിലയന്‍സിന് കരാറില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ഇടപ്പെട്ടെന്നായിരുന്നു റഫാല്‍ സംബന്ധിച്ച പ്രധാന ആരോപണങ്ങളിലൊന്ന്. എന്നാല്‍ കരാറില്‍ പക്ഷപാതിത്വം നടന്നതിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് കോടതി പറഞ്ഞു. യുദ്ധവിമാനങ്ങളുടെ വിലനിര്‍ണയ രീതി പരിശോധിക്കുന്നത് കോടതിയുടെ ജോലിയല്ലെന്നും അത് രഹസ്യമായി തന്നെ ഇരിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ റഫാല്‍ അഴിമതി ആരോപണങ്ങള്‍ മാസങ്ങളായി കത്തി നിന്ന രാഷ്ട്രീയ വിവാദമായിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് മോഡിക്കെതിരെ ശക്തമായ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കരാറിലെ ഇടപാടുകള്‍ സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കിടെ വ്യോമസേനാ ഉപമേധാവി വരെ കോടതിയില്‍ നേരിട്ടെത്തി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയിരുന്നു. മാധ്യമ വാര്‍ത്തകളുടേയും ഹര്‍ജികളുടേയും അടിസ്ഥാനത്തില്‍ തീരുമാനം പാടില്ലെന്നായിരുന്നു കോടതയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം. കരാര്‍ പരിശോധിക്കേണ്ടത് വിദഗ്ധരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
 

Latest News