ഹൃദയം മറന്നുവച്ച് വിമാനം പറന്നു പോയി; നെഞ്ചിടിപ്പുമായി മൈലുകള്‍ താണ്ടി തിരിച്ചറക്കി

ഷിക്കാഗോ- ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി വിമാനമാര്‍ഗം എത്തിച്ച ഹൃദയം ഇറക്കാന്‍ മറന്ന് യുഎസിലെ സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്നു. സിയറ്റിലില്‍ നിന്നും ഡാളസിലേക്കു പറക്കുന്നതിനിടെയാണ് 'ജീവന്‍ രക്ഷാ കാര്‍ഗോ' സിയറ്റിലില്‍ ഇറക്കാന്‍ മറന്നു പോയ കാര്യം വിമാന ജീവനക്കാരുടെ ശ്രദ്ധയിപ്പെട്ടത്. അപ്പോഴേക്കും വിമാനം ആകാശത്ത് 600 മൈലുകള്‍ പിന്നിട്ടിരുന്നു. സിയറ്റിലിലെ ഒരു ആശുപത്രിയിലേക്കുള്ള പാഴ്‌സലായിരുന്നു കാലിഫോര്‍ണിയയില്‍ നിന്നുള്ള ഈ ഹൃദയം. ഒരു മനുഷ്യന്‍ ജീവന്‍ അപകടത്തിലാക്കിയേക്കാവുന്ന അബദ്ധം മനസ്സിലാക്കിയ ഉടന്‍ വിമാനം സിയറ്റിലിലേക്ക് തന്നെ വഴിതിരിച്ചു വിട്ടതായി കമ്പനി വക്താവ് അറിയിച്ചു. എവിടേക്കാണെന്നോ എന്തിനാണെന്നോ വിമാനക്കമ്പനി വ്യക്തമാക്കിയില്ല.

യാത്രാ മധ്യേ ആകാശത്തു വച്ച് പെട്ടെന്ന് വിമാനം വഴിതിരിച്ചു വിട്ടതോടെ യാത്രക്കാരും പരിഭ്രാന്തരായി. ഒരു മനുഷ്യ ഹൃദയം അടങ്ങിയ പാഴ്‌സല്‍ മറന്നു വച്ചതാണെന്നും ഇതു തിരികെ എത്തിക്കാനാണു വഴിതിരിച്ചുവിട്ടതെന്നും പൈലറ്റ് യാത്രക്കാരെ  അറിയിച്ചതായി സിയറ്റില്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഈ അബദ്ധം കാരണം നാലു മണിക്കൂറുകളാണ് പാഴായത്. ഇതില്‍ മൂന്ന് മണിക്കൂറും ആകാശത്തായിരുന്നു. അതേസമയം മനുഷ്യ ഹൃദയം പുറത്തെടുത്ത് ആറു മണിക്കൂറിനുള്ളില്‍ മാറ്റിസ്ഥാപിച്ചിരിക്കണമെന്നനാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തിരിച്ചെത്തിച്ച ഹൃദയം ശസ്ത്രക്രിയയിലൂടെ മറ്റൊരാളില്‍ സ്ഥാപിച്ചോ അതോ ഉപയോഗ ശൂന്യമായോ എന്നതു സംബന്ധിച്ചും വിവരം പുറത്തു വന്നിട്ടില്ല.
 

Latest News