പത്തനംതിട്ട- അഞ്ചു പവനോളം തൂക്കം വരുന്ന മാല മോഷ്ടിച്ച് ഓടിയ കള്ളനെ യുവതിയായ വീട്ടമ്മ കൈനറ്റിക് സ്‌കൂട്ടറിൽ പിന്തുടർന്ന് പിടിച്ചു. വേണ്ടരീതിയിൽ കൈകാര്യം ചെയ്ത ശേഷം മാല വീണ്ടെടുത്ത വീട്ടമ്മ നാട്ടുകാരുടെ മുന്നിൽ ഹീറോയായി. വീട്ടമ്മയുടെ മർദ്ദനത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട മോഷ്ടാവിന്റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. ഇത് വീണ്ടെടുക്കാനായി മണിക്കൂറുകൾക്ക് ശേഷം തിരികെ വന്ന കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
റാന്നി മോതിരവയൽ കച്ചേരിത്തടം കല്ലുപറമ്പിൽ ബാലേഷാണ് (36) പിടിയിലായത്. വടശേരിക്കര മുള്ളൻപാറ തടത്തിൽ മാത്യു ജോസഫിന്റെ ഭാര്യ സോജിയാണ് മോഷ്ടാവിനെ മർദ്ദിച്ച് മാല വീണ്ടെടുത്തത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. ഊരി ബെഡ്‌റൂമിലെ മേശമേൽ മൊബൈൽ ഫോണിനു സമീപം വെച്ച് ഉറങ്ങുകയായരുന്നു വീട്ടമ്മ. ബെഡ് റൂമിന്റെ ജനൽ പാളി തിക്കി തുറന്ന കള്ളൻ നീളമുള്ള പൈപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കൂടി മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ ശബ്ദം കേട്ട് സോജി ഉണർന്നു. ബഹളം വെച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു മനസിലായി. ഉടൻ തന്നെ ഓടിയ കള്ളനു പിന്നാലെ സ്‌കൂട്ടറിൽ പുറകേ പോയി പിടിക്കുകയായിരുന്നു.