Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ഹാജിമാരുടെ ക്വാട്ട  വർധിപ്പിച്ചേക്കും -മന്ത്രി നഖ്‌വി

ഹജ് കരാർ ഒപ്പുവെച്ചു

ജിദ്ദ- ജനസംഖ്യാനുപാതിക ക്വാട്ടയിൽ വർധന വരുത്തി ഇന്ത്യയുടെ ഹജ് ക്വാട്ട വർധിപ്പിക്കണമെന്ന ആവശ്യം സൗദി ഹജ് മന്ത്രാലയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പു ലഭിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. ഈ വർഷം ഇന്ത്യയുടെ ക്വാട്ട 1,90,000 ആയി ഉയർത്തണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം 1,70,025 ആയിരുന്നു ക്വാട്ട. കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായുള്ള വർധന ഇന്ത്യക്ക്  ലഭിച്ചിരുന്നു. ഈ വർഷവും അതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യ-സൗദി ഹജ് കരാർ ഒപ്പിട്ട ശേഷം കോൺസുലേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ സൗദി ഹജ് മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലേ ബിൻ താഹിർ ബിൻതൻ ആണ് സൗദിയെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ ഹാജിമാർക്ക് സൗദി നൽകിവരുന്ന സേവനങ്ങളെ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പ്രകീർത്തിച്ചു. ഓൺലൈൻ ഇ-പാത്ത് സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിൽ ഇന്ത്യക്കായിട്ടുണ്ടെന്നും അടുത്ത വർഷവും ഇതു തുടരുന്നതിനാവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും ഹജ് മന്ത്രി ഡോ. ബിൻതൻ പറഞ്ഞു. 
ഹജ് അപേക്ഷകരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുള്ളത് ക്വാട്ടയെ ഒരു നിലക്കും ബാധിക്കില്ലെന്ന് മന്ത്രി നഖ്‌വി പറഞ്ഞു. മൂന്നു ലക്ഷത്തോളം അപേക്ഷകൾ ഇതിനകം ലഭിച്ചു. കൂടുതൽ പേർക്കു കൂടി അവസരം ലഭിക്കാൻ വേണ്ടിയാണ് അപേക്ഷ നൽകുന്നതിനുള്ള തീയതി 19 വരെ നീട്ടിയതെന്ന് മന്ത്രി വ്യക്തമാക്കി. 
ഈ വർഷത്തെ പുതിയ എംബാർക്കേഷൻ പോയന്റായി കോഴിക്കോടിനെ തെരഞ്ഞെടുത്തു. ഇതുൾപ്പെടെ മൊത്തം 21 എംബാർക്കേഷൻ പോയന്റുകളാവും ഉണ്ടാവുക. സാങ്കേതിക കാരണങ്ങളാൽ എംബാർക്കേഷൻ പോയന്റുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മഹ്‌റം ഇല്ലാതെയുള്ള സ്ത്രീകളുടെ എണ്ണത്തിൽ ഈ വർഷം കാര്യമായ വർധന പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീകളിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും കൂടുതൽ പേർക്ക് ഈ വർഷം ഈ പദ്ധതി പ്രകാരം സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 
മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഒരു മാസം മുമ്പേ ഹജ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്ന നടപടികൾ പുരോഗതിയിലാണ്. മികച്ച സേവനമാകും ഹാജിമാർക്ക് നൽകുക. ഹറമൈൻ ട്രെയിൻ സൗകര്യം ഇന്ത്യൻ ഹാജിമാർക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യൻ ഹജ് മിഷൻ കൂടുതൽ ചർച്ചകൾ നടത്തി നടപടികൾ സ്വീകരിക്കും. ഗ്രീൻ കാറ്റഗറിയുടെ പേര് ഈ വർഷം നോൺ കുക്കിംഗ് ആന്റ് നോൺ ട്രാൻസ്‌പോർട്ടേഷൻ എന്നായിരിക്കുമെന്നും മന്ത്രി പറഞ്ഞു.  
പത്രസമ്മേളനത്തിൽ അംബാസഡർ അഹമ്മദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ് കമ്മിറ്റി ചെയർമാൻ ചൗധരി മെഹബൂബ് അലി കൈസർ, ന്യൂനപക്ഷകാര്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ജാനേ ആലം, വ്യോമയാന മന്ത്രാലയം ജോയന്റ് സെക്രട്ടറി സത്യേന്ദ്ര കുമാർ മിശ്ര, മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി സുനിൽ ഗൗതം, ഹജ് കമ്മിറ്റി സി.ഇ.ഒ ഡോ. മർസൂഖ് അഹമ്മദ് ഖാൻ, ന്യൂനപക്ഷ മന്ത്രാലയ ഡയറക്ടർ നിജാമുദ്ദീൻ, ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ് കോൺസലുമായ മുഹമ്മദ് ശാഹിദ് ആലം തുടങ്ങിയവരും പങ്കെടുത്തു.  

Latest News