Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽനിന്നും വീണ്ടും ഐ.എസിലേക്ക്; കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി

കണ്ണൂർ- കണ്ണൂരിൽ നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഐ.എസിൽ ചേരാൻ നാടുവിട്ടുവെന്ന വിവരത്തെക്കുറിച്ച് എൻ.െഎ.എയും റോയും അന്വേഷണം തുടങ്ങി. അഴീക്കോട്ട് നിന്നുള്ള രണ്ട് കുടുംബങ്ങളും കണ്ണൂർ സിറ്റിയിൽ നിന്നുള്ള ഒരാളുമാണ് നാടു വിട്ടത്. അതിനിടെ ഇവർ ഇറാൻ വരെയെത്തിയെന്ന് കണ്ണൂർ പോലീസ് സൈബർ സെൽ മുഖേന നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചു. നേരത്തെ കണ്ണൂരിൽ നിന്നും സിറിയയിൽ പോയി കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ഇപ്പോൾ പോയിരിക്കുന്നതെന്ന വിവരം ലഭിച്ചു.
അഴീക്കോട് പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, സുഹൃത്ത് പൂതപ്പാറയിലെ അൻവർ, ഭാര്യ അഫ്‌സീല, മൂന്നു മക്കൾ, കണ്ണൂർ സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് കഴിഞ്ഞ മാസം 20 നു നാട്ടിൽ നിന്നും പുറപ്പെട്ടത്. മൈസൂരിലേക്കു വിനോദ യാത്രക്കെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഇവർ മടങ്ങിയെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരം നൽകുകയും പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ യു.എ.ഇയിലേക്കു പോയതായും അവിടെ നിന്നും പിന്നീട് മുങ്ങിയെന്നും വ്യക്തമായി. 
സിറിയയിലെ ഐ.എസ് കേന്ദ്രങ്ങൾ പലതും പട്ടാള ആക്രമണത്തിൽ തകർന്നതിനാൽ അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും കേന്ദ്രത്തിൽ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. സമാന സംഭവത്തിൽ നേരത്തെ അന്വേഷണം നടത്തിയ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇറാനിലെത്തിയതായി കണ്ടെത്തിയത്. ഈ വിവരം കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.െഎ.എ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. 
കണ്ണൂരിൽ നിന്നും പോയവർക്കു തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി നേരത്തെ ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ഐ.എസിൽ പോയി കൊല്ലപ്പെട്ട പാപ്പിനിശ്ശേരി സ്വദേശികളുമായി അടുത്ത ബന്ധവും സൗഹൃദവും ഉള്ളവരാണിവർ. പാപ്പിനിശ്ശേരിയിൽ നിന്നും സിറിയയിൽ പോയി കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരി അഫ്‌സീലയും കുടുംബവുമാണ് ഇപ്പോൾ പോയിരിക്കുന്നത്. 
ഷമീറിന്റെ അടുത്ത സുഹൃത്താണ് നാടു വിട്ട സജ്ജാദ്. സജ്ജാദിന്റെ ഭാര്യ കുടക് സ്വദേശിയാണ്. മതം മാറിയ ശേഷമാണ് ഇവർ ഷാഹിന എന്ന പേരു സ്വീകരിച്ചത്. ഷമീറിന്റെ മക്കളായ സൽമാൻ, സഫ്‌വാൻ എന്നിവർ കൊല്ലപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിന്നും ഐ.എസിൽ ചേരാൻ പോയവരിൽ 99 ശതമാനം പേരും കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. 
ആദ്യ ഘട്ടത്തിലെ പട്ടാള ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പേരു വിവരം മാത്രമാണ് സ്ഥിരീകരിച്ചത്. പിന്നീട് സിറിയയിലെ ഐ.എസ് ക്യാമ്പുകൾക്കു നേരെ ആക്രമണം ശക്തമാക്കുകയും ക്യാമ്പുകളെല്ലാം നാമാവശേഷമാക്കുകയും ചെയ്തു. ഈ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്നു പോലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 
സ്ത്രീകൾ നാട്ടിലെ ബന്ധുക്കൾക്കയച്ച ശബ്ദ സന്ദേശങ്ങളിൽ നിന്നാണ് പലരും കൊല്ലപ്പെട്ട വിവരം നാട്ടിലറിയുന്നത്. 
 

Latest News