Sorry, you need to enable JavaScript to visit this website.

നോർക്കയുടെ പേരിൽ തട്ടിപ്പ്  നടത്തുന്നവർക്കെതിരെ നടപടി

  • പ്രവാസികളുടെ പണമിടപാടുകൾ മാനദണ്ഡം പാലിച്ചാകണം: കമ്മീഷൻ

മലപ്പുറം-പ്രവാസികൾ പണമിടപാടുകൾ നടത്തുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്‌സൻ ജസ്റ്റിസ് പി ഭവദാസൻ വ്യക്തമാക്കി. മലപ്പുറത്ത് നടത്തിയ സിറ്റിങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പണമിടപാട് സംബന്ധിച്ച് ധാരാളം പരാതികൾ കമ്മീഷന് മുന്നിൽ വരുന്നുണ്ട്. ഇതിൽ പലതും മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ഇടപാടുകളാണ്. കൃത്യമായ ഇടപാടുകളാണെങ്കിൽ മാത്രമേ നിയമ നടപടി സ്വീകരിക്കാൻ കഴിയുകയുവെന്ന് അദ്ദേഹം പറഞ്ഞു. വിസ തട്ടിപ്പ് സംബന്ധിച്ച് വരുന്ന പരാതികളിൽ ഭൂരിഭാഗവും മാനദണ്ഡം പാലിക്കാതെ പണം കൈമാറിയതാണ്. കൃത്യമായ വിലാസം പോലും  അറിയാതെയാണ് പലരും പണം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗിൽ 16 പരാതികൾ പരിഗണിച്ചു ഇതിൽ അഞ്ചെണ്ണത്തിന് പരിഹാരമായി. വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്ന പരാതിയിൽ സർക്കാർ ഇടപെടൽ നടത്താൻ ശുപാർശ ചെയ്തു. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് സർക്കാർ ചെലവിലാക്കണമെന്നും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കാണിച്ചുള്ള പരാതിയും സർക്കാറിന് കൈമാറി. ചില വിദേശ രാജ്യങ്ങളിൽ പാസ്‌പോർട്ടിൽ സർനെയിം നിർബന്ധമാക്കിയതിനാൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്നും ഫീസ് കുറക്കണമെന്നുമുള്ള പരാതിയും സിറ്റിങിൽ പരിഗണിച്ചു. നോർക്ക റൂട്ട്‌സിൽ നൽകിയ പരാതികളിൽ കാലതാമസം വരുന്നെന്ന പരാതിയിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാനും കമ്മീഷൻ തീരുമാനിച്ചു.
വിദേശ റിക്രൂട്ട്‌മെന്റിന് നോർക്ക റൂട്ട്‌സിന്റെ പേരിൽ പണം ഈടാക്കുന്നവർക്കെതിരെ നിയമ നടപടി തുടങ്ങിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റിന് വിസ പ്രൊസസിങ് ഫീസ് മാത്രമാണ് നോർക്ക റൂട്ട്‌സ് ഈടാക്കുന്നത്. നോർക്കയുടേതെന്ന പേരിൽ തെറ്റിദ്ധരിപ്പിച്ച് പലരും പണം ഈടാക്കുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. നോർക്കയുടെ റിക്രൂട്ട്‌മെന്റ് പരസ്യങ്ങളും സേവനങ്ങൾക്കുള്ള ഫീസും സംബന്ധിച്ച് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. സംശയമുണ്ടെങ്കിൽ നോർക്ക റൂട്ട്‌സ് ഓഫീസിൽ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇടപാട് നടത്താവൂ. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏജൻസികൾ വഴി മാത്രം വിദേശ ജോലിക്ക് ശ്രമിക്കുക. അംഗീകൃത ഏജൻസി വഴി പോകുന്നവർക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്നും ചെയർപേഴ്‌സൻ പറഞ്ഞു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ അംഗങ്ങളായ ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി എച്ച്.നിസാർ, അസി. സെക്രട്ടറി മധുസുദനൻ പിള്ള, നോർക റൂട്‌സ് ജൂനിയർ എക്‌സിക്യൂട്ടീവ് കെവി സീനത്ത്, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ടി. രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

 

Latest News