റിയാദ് - സൗദി അറേബ്യയിൽ വിനോദ സഞ്ചാര വ്യവസായ മേഖലയിൽ വൻ കുതിപ്പ് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത റെഡ് സീ പദ്ധതി പുരോഗതി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വിലയിരുത്തി. റെഡ് സീ പദ്ധതി ഡെവലപ്‌മെന്റ് കമ്പനി സി.ഇ.ഒ ജോൺ ബഗാനോയുടെ നേതൃത്വത്തിൽ പദ്ധതിയിലെ മുതിർന്ന ജീവനക്കാരെ അൽയെമാമ കൊട്ടാരത്തിൽ സ്വീകരിച്ചാണ് പദ്ധതിയുടെ പുരോഗതി രാജാവ് വിലയിരുത്തിയത്. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും റെഡ് സീ കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ചടങ്ങിൽ വെച്ച് റെഡ് സീ പദ്ധതി മാസ്റ്റർ പ്ലാനും സാമ്പത്തിക, വികസന ലക്ഷ്യങ്ങളും വിശദീകരിക്കുന്ന സചിത്ര പ്രദർശനവും നടത്തി. ലോകത്തെ മുൻനിര ലക്ഷുറി വിനോദ സഞ്ചാര കേന്ദ്രമായി റെഡ് സീ പദ്ധതിയെ മാറ്റുന്നതിനാണ് ശ്രമം.

പദ്ധതിയുടെ ആദ്യ ഘട്ടം 2022 ൽ പൂർത്തിയാകുമെന്ന് മാസ്റ്റർ പ്ലാൻ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തിൽ മൂവായിരം ഹോട്ടൽ മുറികളും എയർപോർട്ടും ബോട്ട് ജെട്ടികളും താമസ, വിനോദ കേന്ദ്രങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ പദ്ധതി പ്രദേശത്തെ 70 ലേറെ ദ്വീപുകളിൽ 22 എണ്ണം വികസിപ്പിക്കും. റെഡ് സീ പദ്ധതി എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങൾക്ക് റെഡ് സീ പദ്ധതി പ്രധാന ചാലക ശക്തിയായി മാറും. പ്രതിവർഷം പത്തു ലക്ഷത്തോളം വിനോദ സഞ്ചാരികളെ റെഡ് സീ പദ്ധതി ആകർഷിക്കും. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് പ്രതിവർഷം 2200 കോടി റിയാൽ റെഡ് സീ പദ്ധതി സംഭാവന ചെയ്യും.
ലോക വിനോദ സഞ്ചാര വ്യവസായ ഭൂപടത്തിൽ മുൻനിര സ്ഥാനം കൈവരിക്കുന്നതിന് സൗദി അറേബ്യയെ സഹായിക്കുന്ന റെഡ് സീ പദ്ധതി ലക്ഷ്യങ്ങൾ പ്രശംസനീയമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. സ്വകാര്യ മേഖലക്ക് നിക്ഷേപാവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി സാംസ്‌കാരിക, പരിസ്ഥിതി പാരമ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് സൗദിയിൽ ടൂറിസം വ്യവസായ മേഖലയുടെ വികസനത്തിനും സഹായിക്കുമെന്നും രാജാവ് പറഞ്ഞു.






