Sorry, you need to enable JavaScript to visit this website.

പ്രത്യാശയുടെ  പുതുവെളിച്ചവുമായി  ഗൾഫ് ഉച്ചകോടി


ഗൾഫ് ജനതയുടെ സുരക്ഷയും പുരോഗതിയുമാണ് അംഗരാജ്യങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങൾക്ക് ഏകീകൃത സൈന്യം എന്ന ആശയം സുരക്ഷയെ മുൻനിർത്തിയുള്ള തീരുമാനമായി വേണം വിലയിരുത്താൻ. 

മേഖലയുടെ സുരക്ഷയും സമാധാനവും വികസനവും ഉറപ്പാക്കാൻ ഒന്നിച്ചു നിൽക്കേണ്ടതിന്റ അനിവാര്യത വ്യക്തമാക്കുന്നതായിരുന്നു റിയാദിൽ സമാപിച്ച മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടി. ഇതോടൊപ്പം അംഗ രാജ്യങ്ങൾക്കിടയിൽ സൗദി അറേബ്യയുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നതു കൂടിയായി ഉച്ചകോടി. മേഖലയിൽ അരക്ഷിതാവസ്ഥ വിതക്കുന്ന ഇറാനോടുള്ള നിലപാടുകൾ കടുപ്പിക്കുമ്പോൾ തന്നെ യെമനിലും സിറിയയിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരാനും അതിനു പിന്തുണ തേടാനും കഴിഞ്ഞുവെന്നത് സൗദി അറേബ്യയുടെ നേട്ടമായി വേണം കാണാൻ. 
ഖത്തറിനോടുള്ള നയനിലപാടുകളിൽ മാറ്റമില്ലെങ്കിലും സൗഹാർദം കാംക്ഷിക്കുന്നുവെന്ന സന്ദേശം നൽകാനും ഉച്ചകോടിക്കായി. ഖത്തർ അമീർ പങ്കെടുത്തില്ലെങ്കിലും ഉച്ചകോടിയിലേക്ക് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചത് ഖത്തർ വിഷയത്തിലെ മഞ്ഞുരുക്കമായി വേണം വിലയിരുത്താൻ. അമീർ ശൈഖ് തമീം ബിൻ ഹമദ്  അൽതാനി എത്തിയില്ലെങ്കിലും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സഅദ് അൽ മുറൈഖി ഉച്ചകോടിയിൽ സജീവമായി പങ്കെടുത്തത് പ്രതീക്ഷക്ക് വക നൽകുന്നതാണ്. ഖത്തറുമായുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുകയെന്നത് ഏതൊരു ഗൾഫ് പൗരന്റെയും ജി.സി.സിയിൽ ജോലി ചെയ്യുന്ന വിദേശികളുടെയും ആഗ്രഹമാണ്. പരസ്പരം വിട്ടുവീഴ്ചക്ക് തയാറായി പൂർവ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുമെന്ന പ്രതീക്ഷ ഉടലെടുത്തുവെങ്കിലും അതുണ്ടായില്ല. എങ്കിലും പ്രതീക്ഷകൾക്ക് വക നൽകുന്നതായിരുന്നു  ഇരുഭാഗത്തെയും സമീപനങ്ങൾ.
പ്രതിസന്ധി പരിഹരിക്കാൻ ഖത്തറിന് മതിയായ സമയം നൽകിയിട്ടും അനുകൂല സമീപനം ഉണ്ടാവുന്നില്ലെന്നും പന്ത് ഖത്തറിന്റെ കോർട്ടിലാണെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ വ്യക്തമാക്കിയത്. ഖത്തർ പ്രതിസന്ധി ജി.സി.സിയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഒരു കുടുംബം പോലെയാണെന്നും അഭിപ്രായ വ്യത്യാസങ്ങൾ വീടിനുള്ളിൽ പറഞ്ഞു തീർക്കുന്നതാണ് ശൈലിയെന്നുമുള്ള ആദിൽ ജുബൈറിന്റെ പ്രസ്താവന മഞ്ഞുരുക്കം വ്യക്തമാക്കുന്നതാണ്. അതേസമയം തന്നെ തീവ്രവാദ നിലപാടുകളെ ഒരു നിലക്കും പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.  ഇത് സൂചിപ്പിക്കുന്നത് നിലപാടുകളിൽ വെള്ളം ചേർക്കാതെയുള്ള സൗഹൃദമാണ്. മേഖലയിലെ സമാധാനത്തിന് അത് അനിവാര്യമാണെന്നാണ് സൗദി അറേബ്യയുടെ കാഴ്ചപ്പാട്. 
യെമൻ പ്രതിസന്ധി തീരുന്നുവെന്ന പ്രത്യാശ നൽകാനും ഉച്ചകോടിക്കായിട്ടുണ്ട്. ഇത് മേഖലയുടെ സാമൂഹ്യ, സാമ്പത്തിക രംഗത്തു വികസനം സാധ്യമാക്കാൻ സഹായിക്കുന്നതാണ്. യു.എൻ രക്ഷാസമിതിയുടെ കരാർ അനുസരിച്ച് യെമൻ പ്രതിസന്ധിക്ക് രാഷട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങൾ പുരോഗതിയിലേക്ക് നീങ്ങുന്നതും ഉച്ചകോടി അതിനു പിന്തുണ നൽകിയതും യെമനിൽ താമസിയാതെ സമാധാനം പുലരുമെന്ന പ്രതീക്ഷ നൽകിയിട്ടുണ്ട്. 
അറബ് ഇസ്ലാമിക രാജ്യങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും ഇസ്രായിലിന്റെ അതിക്രമങ്ങളിൽ നിന്ന് ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ലോക രാജ്യങ്ങൾ തയാറാവണമെന്നുമുള്ള ഉച്ചകോടിയുടെ ആവശ്യം ഫലസ്തീനോടുള്ള താൽപര്യത്തെയും മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫലസ്തീൻ പ്രശ്‌നം പരിഹരിക്കേണ്ടതിന്റെ അനിവാര്യതയിലേക്കും വെളിച്ചം വീശുന്നു.  അതോടൊപ്പം സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം വേണമെന്നും അടിവരയിട്ടു പറയുന്നുണ്ട്.  അതേസമയം തന്നെ ഇറാന്റെ ഭീഷണിയെ തുറന്നു കാട്ടാനും ഉച്ചകോടിക്കായി. ഇറാൻ തീവ്രവാദ, പ്രതിലോമശക്തികളെ ഉപയോഗിച്ച്  മേഖലയുടെ സമാധാന അന്തരീക്ഷത്തിന് ഭീഷണി സൃഷ്ടിക്കുകയാണെന്നതും ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്ന മുന്നിയിപ്പു നൽകുന്നതിനും ഉച്ചകോടിക്കായി. 
ഗൾഫ് ജനതയുടെ സുരക്ഷയും പുരോഗതിയുമാണ് അംഗരാജ്യങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങൾക്ക് ഏകീകൃത സൈന്യം എന്ന ആശയം സുരക്ഷയെ മുൻനിർത്തിയുള്ള തീരുമാനമായി വേണം വിലയിരുത്താൻ. സംയുക്ത സൈനിക മേധാവിയായി സൗദിയുടെ മുൻ കരസേനാ മേധാവി ലെഫ്, ജനറൽ ഈദ് ബിൻ അവാദ് ബിൻ ഈദ് അൽ ശൽവിയെ നിയമിക്കുകയും ചെയ്തു. സുരക്ഷാ പഠന ഗവേഷണങ്ങൾക്കായി ഗൾഫ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനവും സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നതിന്റെ സൂചന കൂടിയാണ്.
കഴിഞ്ഞ വർഷം കുവൈത്തിൽ ചേർന്ന മുപ്പത്തിയെട്ടാമത് ഉച്ചകോടിയേക്കാളും ഏറെ പകിട്ടും എല്ലാ അംഗരാജ്യങ്ങളുടെ സാന്നിധ്യവും ഐക്യവും കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു റിയാദ് അൽ യമാമ കൊട്ടാരത്തിൽ നടന്ന മുപ്പത്തിയൊമ്പതാമത് ഗൾഫ് ഉച്ചകോടി. 
ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ നടന്ന ഉച്ചകോടിയിൽ കുവൈത്ത്, ഖത്തർ നേതാക്കൾ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ഇക്കുറി എല്ലാവരും എത്തിയെന്നു മാത്രമല്ല മേഖലയിൽ സമാധാന അന്തരീക്ഷത്തിന്റെ പ്രത്യാശയുടെ പുതുവെളിച്ചം പകരാനും കഴിഞ്ഞു.

 

Latest News