Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെർമിനൽ ഉദ്ഘാടനം ചെയ്തു

നെടുമ്പാശ്ശേരിയിലെ നവീകരിച്ച ടെർമിനൽ-1 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളം സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെർമിനലും 40 മെഗാവാട്ടായി ഉയർത്തിയ സൗരോർജ പദ്ധതിയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തിന് സ്ഥലം നൽകിയപ്പോൾ തന്നെ ചില കരാറുകൾ ഉണ്ടായിരുന്നു. കൊച്ചിയിൽ വിമാനത്താവളം കേന്ദ്ര സർക്കാരിന് നിർമിക്കാനും നടത്താനും കഴിയാത്ത സാഹചര്യത്തിലാണ് സിയാൽ ഉണ്ടായതും അതിന്റെ നേതൃത്വത്തിൽ വിമാനത്താവളം നിർമിച്ചതും. കണ്ണൂരിലെ വിമാനത്താവളം സിയാൽ നൽകിയ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ആരംഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി. 
പൊതുജന പങ്കാളിത്തത്തോടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നടത്തി വരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യം ചെയ്ത സിയാൽ ഇന്ന് ഒരു എയർപോർട്ട് ഓപ്പറേറ്റർ എന്ന നിലയിൽ ഒരുപാട് വളർന്നു. 100 കോടി രൂപയോളം നിക്ഷേപമുള്ള സംസ്ഥാന സർക്കാരിന് ഇതുവരെ ലാഭവിഹിതമായി 230 കോടിയോളം രൂപ സിയാൽ നൽകിക്കഴിഞ്ഞു. ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന രണ്ട് പദ്ധതികളും സിയാലിൻ പ്രോജക്റ്റ് മാനെജ്‌മെൻറ് വൈഭവത്തിന് ഉദാഹരണമാണ്. ഒരു ലക്ഷത്തിൽനിന്ന് ആറുലക്ഷം ചതുരശ്ര അടി വിസ്തൃതിയിലേക്ക് അന്തരാഷ്ട്ര നിലവാരത്തിലേക്ക് ആഭ്യന്തര ടെർമിനലിന്റെ സൗകര്യം ഉയർന്നു. ഏഴ് എയറോ ബ്രിഡ്ജുകൾ, 56 ചെക്ക് ഇൻ കൗണ്ടറുകൾ, സെൽഫ് ബാഗേജ് ഡ്രോപ്പ് ഇൻ സംവിധാനം തുടങ്ങിയവ ആവിഷ്‌കരിച്ചു. മറ്റ് വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന്റെ തനത് മാതൃകയിലാണെന്നതും എടുത്തു പറയേണ്ടതാണ്. നിരന്തരം അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിനാൽ കൂടുതൽ ഊർജം ആവശ്യമായതിനാൽ ഇവിടത്തെ സൗരോർജ പ്ലാന്റുകളുടെ നിലവിലെ സ്ഥാപിത ശേഷിയായ 30 മെഗാവാട്ടിൽനിന്നും 40 മെഗാവാട്ടായി ഉയർത്തിയിട്ടുണ്ട്. 5.1 മെഗാവാട്ട് സൗരോർജ കാർപോർട്ട് സ്ഥാപിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന റെക്കോർഡും സിയാലിന് ലഭിച്ചു. 
ഉദ്ഘാടന ചടങ്ങിന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.വി. തോമസ് എംപി മുഖ്യാതിഥിയായിരുന്നു. മാനേജിങ് ഡയറക്റ്റർ വി.ജെ. കുര്യൻ ആമുഖ പ്രസംഗം നടത്തി. സിയാൽ ഡയറക്ടർ എം.എ. യൂസഫലി സ്വാഗതം പറഞ്ഞു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് സ്റ്റാഫ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റും മുൻ എംപിയുമായ പി.രാജീവ്, ജിസിഡിഎ ചെയർമാൻ വി.സലീം, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൺസ വർഗീസ്, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ, നെടുമ്പാശേരി പഞ്ചായത്ത് അംഗം എം.വി. റെജി, സിയാൽ ഡയറക്റ്റർമാരായ കെ. റോയ് പോൾ, എ.കെ.രമണി, എൻ.വി.ജോർജ് തുടങ്ങിയവർ പങ്കെടുത്തു. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ നന്ദി പ്രകാശിപ്പിച്ചു.

 

 

Latest News