'ട്രംപിന്റെ വൃത്തികെട്ട ഇടപാടുകള്‍ ഒളിച്ചുവെക്കലായിരുന്നു ജോലി'; തടവു ശിക്ഷ ലഭിച്ച മുന്‍ അഭിഭാഷകന്‍

ന്യൂയോര്‍ക്ക്- വിവിധ കുറ്റകൃത്യങ്ങള്‍ക്ക് യുഎസ് കോടതി ബുധനാഴ്ച മൂന്ന് വര്‍ഷം തടവിനു ശിക്ഷിച്ച അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ കോടതി മുമ്പാകെ തന്റെ മുന്‍ മുതലാളിയായ യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ ആരോപണമുന്നയിച്ചു. ട്രംപിന്റെ മുന്‍ അഭിഭാഷകനാണ് കോഹന്‍. തനിക്ക് അദ്ദേഹത്തിന്റെ വൃത്തിക്കെട്ട കരാറുകള്‍ മറച്ചുവയ്ക്കലായിരുന്നു ജോലി എന്ന് കോഹന്‍ കോടതിയില്‍ പറഞ്ഞു. നികുതി വെട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത കോഹന്‍ തനിക്ക് കടുത്ത ശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ട് വാദമുന്നയിക്കുന്നതിനിടെയാണ് ട്രംപിനെതിരെ തിരിഞ്ഞത്. പ്രസിഡന്റ് ട്രംപിനു കൂടി പങ്കുള്ള കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും 52കാരനായ കോഹന്‍ പറഞ്ഞു.

നികുതി വെട്ടിപ്പ്, വ്യാജ പ്രസ്താവന നല്‍കല്‍, നിയമവിരുദ്ധ സംഭാവനകള്‍, കോണ്‍ഗ്രസിനു മുമ്പാകെ വ്യാജ പ്രസ്താവന നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കോഹന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കടുത്ത ശിക്ഷയൊന്നും നല്‍കരുതെന്ന് കോഹന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ജഡ്ജി കോഹനെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപുമായി തങ്ങള്‍ക്കുണ്ടായിരുന്ന രഹസ്യ ബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ രണ്ടു സ്ത്രീകള്‍ക്ക് പണം നല്‍കിയതും കോഹന്‍ പറഞ്ഞു. ഈ ഇടപാടുകള്‍ ലളിതമായ സ്വകാര്യ ഇടപാടുകള്‍ മാത്രമായിരുന്നുവെന്നും ഈ പണം പ്രചരണ ചെലവിന്റെ ഭാഗമാണെന്ന് തെറ്റായി പ്രചരിപ്പിക്കപ്പെട്ടതാണെന്നും പറഞ്ഞ് ട്രംപ് ഈയിടെ നിസ്സാരമാക്കിയിരുന്നു.
 

Latest News