Sorry, you need to enable JavaScript to visit this website.

അറബ്-ആഫ്രിക്കൻ കൂട്ടായ്മ രൂപീകരിക്കുന്നതിന് ധാരണ

ചെങ്കടൽ തീരവും ഏദൻ ഉൾക്കടൽ തീരവും പങ്കിടുന്ന അറബ് രാജ്യങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ കൂട്ടായ്മ രൂപീകരിക്കുന്നതിനെ കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ റിയാദിൽ നടന്ന ചർച്ച.  

റിയാദ് - ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങൾ പങ്കിടുന്ന അറബ് രാജ്യങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ സഖ്യം രൂപീകരിക്കുന്നതിന് ധാരണ. സൗദി അറേബ്യ, ഈജിപ്ത്, സുഡാൻ, ജിബൂത്തി, യെമൻ, സോമാലിയ, ജോർദാൻ എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നത്. ഏഴു രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 
ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരങ്ങൾ പങ്കിടുന്ന അറബ് രാജ്യങ്ങളെയും ആഫ്രിക്കൻ രാജ്യങ്ങളെയും ഉൾപ്പെടുത്തി പുതിയ സഖ്യം രൂപീകരിക്കുന്നതിനെ കുറിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ റിയാദിൽ ഇന്നലെ ചർച്ച നടത്തിയിരുന്നു. റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ ഈജിപ്ഷ്യൻ വിദേശ മന്ത്രി സാമിഹ് ശുക്‌രി, ജിബൂത്തി വിദേശ മന്ത്രി മഹ്മൂദ് അലി യൂസുഫ്, സോമാലിയ വിദേശ മന്ത്രി അഹ്മദ് ഈസ അവദ്, സുഡാൻ വിദേശ മന്ത്രി മുഹമ്മദ് അൽദുഖൈരി, യെമൻ ഡെപ്യൂട്ടി വിദേശ മന്ത്രി മുഹമ്മദ് അൽഹദ്‌റമി, ജോർദാൻ വിദേശ മന്ത്രാലയ സെക്രട്ടറി ജനറൽ സൈദ് മുഫ്‌ലിഹ് അല്ലോസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
ചെങ്കടൽ, ഏദൻ ഉൾക്കടൽ തീരം പങ്കിടുന്ന അറബ് രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിൽ സുരക്ഷാ ഭദ്രതയും സമാധാനവും വാണിജ്യവും നിക്ഷേപവും ശക്തമാക്കുന്നതിൽ കൂട്ടായ്മ രൂപീകരണത്തിനുള്ള പങ്കും യോഗത്തിൽ വിശകലനം ചെയ്തതായി ഔദ്യോഗിക വാർത്താ ഏജൻസി പറഞ്ഞു. സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ആദിൽ അൽജുബൈർ, ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യങ്ങൾക്കുള്ള സഹമന്ത്രി അഹ്മദ് ഖത്താൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ തുടങ്ങിയവർ ചർച്ചയിലും കൂടിക്കാഴ്ചയിലും സംബന്ധിച്ചു. ഇതിനു പിന്നാലെ ചേർന്ന വിദേശ മന്ത്രിമാരുടെ യോഗത്തിലാണ് സഖ്യരൂപീകരണ കാര്യത്തിൽ അന്തിമ തീരുമാനമായത്. 
ചെങ്കടലിലും ഏദൻ ഉൾക്കടലിലും സമുദ്ര ഗതാഗതവും ആഗോള വാണിജ്യവും സംരക്ഷിക്കുന്നതിനും മേഖലാ രാജ്യങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമാണ് കൂട്ടായ്മ രൂപീകരണത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക, പരിസ്ഥിതി, സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന് പുതിയ കൂട്ടായ്മാ രൂപീകരണം സഹായകമാകുമെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. അംഗ രാജ്യങ്ങൾക്കിടയിൽ വികസനത്തിലും വളർച്ചയിലും പൊരുത്തമുണ്ടാക്കുന്നതിനും ഇതുവഴി ഈ മേഖലയിൽ വൈദേശിക ശക്തികൾ നിഷേധാത്മക പങ്ക് വഹിക്കുന്നത് തടയുന്നതിനും പുതിയ കൂട്ടായ്മ സഹായിക്കുമെന്ന് ആദിൽ അൽജുബൈർ പറഞ്ഞു. 

 

Latest News