Sorry, you need to enable JavaScript to visit this website.

സൗദി കോടതികളിലെ വിചാരണകൾ വീഡിയോ റെക്കോർഡിംഗ് ചെയ്യുന്നു

റിയാദ് - കോടതികളിലെ വിചാരണ സിറ്റിംഗുകൾ വീഡിയോ റെക്കോർഡിംഗ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്ന പദ്ധതി ആരംഭിക്കാൻ നടപടികൾ പുരോഗമിക്കുന്നതായി നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ശൈഖ് ഡോ. വലീദ് അൽസ്വംആനി പറഞ്ഞു. പരസ്യ വിചാരണയുടെ അടിസ്ഥാന തത്വങ്ങൾ നടപ്പാക്കുന്നതിനും ജഡ്ജിയുടെയും കേസിലെ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ശ്രമിച്ചാണ് വിചാരണ സിറ്റിംഗുകൾ വീഡിയോ റെക്കോർഡിംഗ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് സൂക്ഷിക്കുന്നത്. പദ്ധതി ഈ വർഷം (1440) നടപ്പാക്കി തുടങ്ങും. പ്രാഥമികാന്വേഷണ റിപ്പോർട്ടും കുറ്റപത്രങ്ങളും ഡിജിറ്റൽവൽക്കരിക്കുകയും ഓൺലൈൻവൽക്കരിക്കുകയും ചെയ്യും. കോടതികളിൽ വിദൂര വിവർത്തന പദ്ധതി നടപ്പാക്കുന്നതിനും ശ്രമമുണ്ട്. 
പിന്നീട് എപ്പോഴെങ്കിലും ആവശ്യം വരുമ്പോൾ ജഡ്ജിക്കും കേസിലെ കക്ഷികൾക്കും എളുപ്പത്തിൽ പരിശോധിക്കുന്നതിന് അവസരമൊരുക്കുന്നതിന് ശ്രമിച്ചാണ് വിചാരണയുടെ പൂർണ ദൃശ്യങ്ങൾ വീഡിയോ റെക്കോർഡിംഗ് സംവിധാനത്തിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നത്. ഈ രംഗത്തുള്ള പരാതികൾ കുറക്കുന്നതിനും ജഡ്ജിയുടെയും കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും. വിചാരണക്കിടെ നടക്കുന്ന മുഴുവൻ കാര്യങ്ങളും വീഡിയോ റെക്കോർഡിംഗ് വഴി രേഖപ്പെടുത്തുന്നതിനാൽ സുപ്രീം ജുഡീഷ്യറി കൗൺസിലിനും ഇത് പരിശോധിക്കുന്നതിന് സാധിക്കും. കോടതിയിൽ കേസ് നൽകാതെ തന്നെ വിവാഹ മോചിതയായ സ്ത്രീക്കും ആ ബന്ധത്തിലുള്ള മക്കൾക്കും ചെലവിന് ലഭിക്കുന്ന സംവിധാനം നാലു മാസത്തിനുള്ളിൽ നിലവിൽവരും. കുട്ടികളുടെ സംരക്ഷണ ചുമതലയുമായി ബന്ധപ്പെട്ട കേസുകളിൽ ഈ രീതി ഇതിനകം നിലവിൽവന്നിട്ടുണ്ട്. ജീവനാംശവുമായി ബന്ധപ്പെട്ട തീരുമാനത്തിലോ ജീവനാംശതുക കണക്കാക്കിയതിലോ വിയോജിപ്പുള്ളവർക്ക് കോടതികളെ സമീപിക്കുന്നതിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. 

 

Latest News