ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു

ന്യൂദല്‍ഹി- 2001ല്‍ ആലുവയില്‍ ഒരു കുടുംബത്തിലെ ആറു പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തു. 2009 വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതും കോടതി തള്ളിയിരുന്നു. രാഷ്ട്രപതിയും ദയാഹര്‍ജി തള്ളിയിരുന്നു. ഇതിനിടെ വധശിക്ഷയ്‌ക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതു സംബന്ധിച്ച് 2014ല്‍ സുപ്രീം കോടതി വിധി ഉണ്ടായതാണ് നിര്‍ണായകമായത്. ഇത്തരം ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു പുതിയ വിധി. ഈ അനൂകൂല്യം തേടിയാണ് ആന്റണി വീണ്ടും സുപ്രീം കോടതിയില്‍ പുനപ്പരിശോദനാ ഹര്‍ജി നല്‍കിയത്. രണ്ടു വര്‍ഷത്തിനു ശേഷമാണ് വധശിക്ഷ ഇളവ് നല്‍കി ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷയില്‍ ഇളവുനല്‍കി വിധി പ്രസ്താവിച്ചത്. 

2001 ജനവരി ആറിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സെന്റ് മേരീസ് സ്‌കൂളിന് സമീപം പൈപ്പ് ലൈന്‍ റോഡില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യന്‍ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോന്‍ (14), ദിവ്യ (12), അഗസ്റ്റ്യന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ അകന്ന ബന്ധുവും കുടുംബ സുഹൃത്തുമായ പ്രതി ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി (48) മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലുവ മുനിസിപ്പല്‍ ഓഫീസിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണിക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ കൊല്ലപ്പെട്ട കൊച്ചുറാണി സാമ്പത്തിക സഹായം നല്‍കാമെന്നേറ്റിരുന്നു. ഇത് ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനു ശേഷം മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി ഫിബ്രവരി 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. അന്വേഷണത്തെ തുടര്‍ന്ന് 2005 ജനവരിയില്‍ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ആന്റണി.

Latest News