Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ കണ്ടു; 121 എംഎല്‍എമാരുടെ പിന്തുണ

ഭോപാല്‍- മധ്യപ്രദേശില്‍ 114 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു കത്ത് നല്‍കി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്നാവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുള്ള കോണ്‍ഗ്രസ് 121 എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വ്യക്തമാക്കി. 230 സഭയില്‍ 116 സീറ്റാണ് ഭരണം ലഭിക്കാന്‍ വേണ്ടത്. 114 സീറ്റുകള്‍ക്കു പുറമെ ബി.എസ്.പിയുടെ രണ്ട് അംഗങ്ങളും എസ്.പിയുടെ ഒരു അംഗവും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നാലു സ്വതന്ത്രര്‍ കൂടി പിന്തുണച്ചതോടെ ആകെ 121 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി അറിയിച്ചു.

ഭരണം ഉറപ്പിച്ചതോടെ ഇനി മുഖ്യമന്ത്രി ആരാകുമെന്നതാകും പ്രധാന ചര്‍ച്ച. പാര്‍ട്ടി മുതിര്‍ന്ന നേതാവും സംസ്ഥാന അധ്യക്ഷനുമായ കമല്‍ നാഥ്, ജനപ്രിയനായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് മുഖ്യമന്ത്രി സാധ്യതാ പട്ടികയിലുള്ളത്. കമല്‍ നാഥിന് പാര്‍ട്ടി നേതൃത്വത്തിന്റെ പിന്തുണയുണ്ട്. സിന്ധ്യയ്ക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയും. കമല്‍നാഥായിരിക്കും മുഖ്യമന്ത്രിയെന്നാണ് സൂചന. കമല്‍നാഥ്, സിന്ധ്യ, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഉച്ചയോടെ ഗവര്‍ണറെ കണ്ടത്.

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നേരം പുലര്‍ന്നതോടെയാണ് കോണ്‍ഗ്രസിന് 114 സീറ്റ് ഉറപ്പിക്കാനായത്. ബി.ജെ.പി 109 സീറ്റുമായി രണ്ടാം സ്ഥാനത്തെത്തി. കേവല ഭൂരിപക്ഷം ഇരു പാര്‍ട്ടികള്‍ക്കും ലഭിച്ചില്ലെങ്കിലും മറ്റു പാര്‍ട്ടികളുടെ പിന്തുണ കോണ്‍ഗ്രസിന് തുണയായി. ബി.ജെ.പി കുതിരക്കച്ചവട ആശങ്ക ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന് അവകാശവാദം ഉന്നയിക്കില്ലെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കിയിരുന്നു. ചൗഹാന്‍ ഗവര്‍ണറെ കണ്ട് രാജി നല്‍കി.

കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും നേരത്തെ പിന്മാറിയ ബിഎസ്പിയെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ബന്ധപ്പെടുകയും പിന്തുണ തേടുകയുംചെയ്തിരുന്നു. തുടര്‍ന്നാണ് ബിഎസ്പി നേതാവ് മായാവതി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ശേഷമാണ് ബി.ജെപിക്ക് മധ്യപ്രദേശില്‍ അധികാരം നഷ്ടമാകുന്നത്. അതേസമയം വോട്ട് ശതമാനത്തില്‍ നേരിയ മുന്‍ തൂക്കം ബി.ജെ.പിക്ക് ഉണ്ട്. 41 ശതമാനം വോട്ട് ബിജെപിക്കാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 40.9 ശതമാനം വോട്ടാണ് ലഭിച്ചത്.
 

Latest News