ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതി മുറി അബുദാബിയിലെ അല്‍ മരിയ ഐലന്‍ഡില്‍ ആരംഭിച്ചു. ഫ്രീസോണ്‍ മേഖലയായ അല്‍ മരിയ ഐലന്‍ഡിലെ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തിലും കൃത്യതയോടെയും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഗലേറിയ മാളടക്കമുള്ള നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന ഇവിടെ ഉടന്‍ തന്നെ അല്‍ മരിയ സെന്‍ട്രല്‍ ഷോപ്പിംഗ് മാളും പ്രവര്‍ത്തനം തുടങ്ങും. തൊഴില്‍ നിയമനം, കടം, വാണിജ്യ തര്‍ക്കങ്ങള്‍ തുടങ്ങി ഇരുപതോളം തരത്തിലുള്ള കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ 2016 മേയ് മുതലുള്ള കോടതിയുടെ പ്രാരംഭ പ്രവര്‍ത്തന കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യവസായ മേഖലകളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്നതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് കോടതി നടപടികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെവിടെയുമുള്ള കക്ഷികളുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിയമം നടത്താനും കോടതിക്ക് കഴിയും.
സമയവും പണവും ലാഭിക്കുന്നതോടൊപ്പം വിദേശത്തുള്ള കമ്പനികള്‍ക്കും എളുപ്പം നടപടികളുടെ ഭാഗമാവാം.
ലോകത്ത് എവിടെയാണെങ്കിലും മൊബൈല്‍ ഫോണിലൂടെ ഏത് സമയത്തും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാനും കോടതിയില്‍ ബന്ധപ്പെടാനും കഴിയുമെന്ന് അബുദാബി ഡിജിറ്റല്‍ കോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവും രജിസ്ട്രാറുമായ ലിന്‍ഡ ഫിറ്റ്‌സ് അലന്‍ പറഞ്ഞു. കേസ് വിസ്താരവുമായി ബന്ധപ്പെട്ട മുഴുവന്‍ ലിങ്കുകളും ഇതില്‍ ലഭ്യമാക്കും