ജിദ്ദ - യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് കടലിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പത്തു ദിവസത്തിനിടെ സമാന രീതിയിൽ ജിദ്ദയിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. സമീപത്തുണ്ടായിരുന്ന സൗദി യുവാവ് അബ്ദുല്ല അൽഹർബി ഓടിയെത്തിയാണ് കടലിൽ പതിച്ച കാറിൽ നിന്ന് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
വ്യക്തിപരമായ ആവശ്യത്തിന് രാവിലെ ദക്ഷിണ ജിദ്ദയിലേക്ക് പുറപ്പെട്ട താൻ മാർഗമധ്യേ പ്രാതൽ കഴിക്കുന്നതിന് കാർ നിർത്തിയ സമയത്താണ് സീപോർട്ട് പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് വലിയ ശബ്ദത്തോടെ കാർ അൽസുഹൂർ തടാകത്തിൽ പതിക്കുന്നത് കണ്ടതെന്ന് അബ്ദുല്ല അൽഹർബി പറഞ്ഞു. കാറിൽ നിന്നുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ തനിക്ക് കാറിനകത്ത് യുവതി കുടുങ്ങിക്കിടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പാലത്തിൽ നിന്ന് താഴേക്കുള്ള വീഴ്ചയിൽ കേടായതിനാൽ ഡ്രൈവറുടെ ഭാഗത്തുള്ള ഡോർ തുറക്കാൻ സാധിച്ചില്ല. യാത്രക്കാരന്റെ ഭാഗത്തുള്ള ഡോർ വഴി ഡ്രൈവറെ രക്ഷപ്പെടുത്താൻ നോക്കിയപ്പോൾ സീറ്റ് ബെൽറ്റ് യുവതിയുടെ കഴുത്തിൽ കുരുങ്ങിയതായി വ്യക്തമായി. ഓടിപ്പോയി തന്റെ കാറിൽ നിന്ന് കത്തി കൊണ്ടുവന്ന് സീറ്റ് ബെൽറ്റ് അറുത്തു മാറ്റിയാണ് യുവതിയെ യാത്രക്കാരന്റെ ഡോർ വഴി താൻ രക്ഷപ്പെടുത്തിയത്. പ്രദേശത്തുണ്ടായിരുന്ന ശുചീകരണ തൊഴിലാളിയും രക്ഷാപ്രവർത്തനത്തിന് തന്നെ സഹായിച്ചു.