വിശ്വാസ വഞ്ചനയും വാഗ്ദാന ലംഘനവും വലിയ പാതകമാണ്. കപട വിശ്വാസിയുടെ അടയാളമായിട്ട് പോലും അത് ഗണിക്കപ്പെടുന്നു. രാഷ്ട്രീയ രംഗത്ത് അത് പുതുമയുള്ള കാര്യമല്ലെന്ന് മാത്രമല്ല നിത്യ സംഭവം തന്നെയെന്ന് പറയാം. ഈയിടെ രാഷ്ട്രീയ കേരളം ചർച്ച ചെയ്തതും അത്തരമൊരു രാഷ്ട്രീയ വഞ്ചനയുടെ കഥയാണ്. സാക്ഷാൽ പി.സി. ജോർജ് നായകനായ കഥ!
നാക്കിന് ലൈസൻസില്ലാത്ത ഒരത്യപൂർവ്വ രാഷ്ട്രീയ നേതാവാണ് പി.സി. എന്തും എവിടെയും വിളിച്ചു പറയുന്ന പ്രകൃതം. നാക്കിനും വാക്കിനും പരിധിയും പരിമിതികളുമില്ലെന്നർത്ഥം. സ്ത്രീ വിരുദ്ധവും മനുഷ്യത്വ രഹിതവും മലയാളിയുടെ ഉന്നതമായ സാംസ്‌കാരിക ബോധത്തെ പരിഹസിക്കുന്നതുമായ ഒട്ടേറെ കുപ്രസിദ്ധമായ പ്രസ്താവനകളും ദ്വയാർത്ഥ പ്രയോഗങ്ങളും പി.സി നടത്തിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പൊതുജനത്തിന് വിശിഷ്യാ പാർശ്വവൽകരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും പി.സിയെ വലിയ ഇഷ്ടമായിരുന്നു. ആ ഇഷ്ടത്തിന്റെ ബലത്തിലാണ് പൂഞ്ഞാർ സിംഹം അവസരത്തിലും അനവസരത്തിലും ഗർജിച്ചു കൊണ്ടിരുന്നത്. ചോദ്യം ചെയ്യപ്പെടാത്ത ജനനായകനായി പൂഞ്ഞാർ സിംഹാസനത്തിൽ ഉപവിഷ്ടനായതും.
ഹീറോയുടെയും വില്ലന്റെയും വേഷങ്ങൾ ഒരേ സമയവും മാറി മാറിയും കേരളാ കോൺഗ്രസുകളുടെ രംഗ വേദികളിൽ പി.സി അണിഞ്ഞിട്ടുണ്ട്. ചിലപ്പോൾ അത് ഇടതുപക്ഷത്തിന്റെ ബാനറിൽ. മറ്റു ചിലപ്പോൾ ഐക്യമുന്നണിയുടെ ബാനറിലും. ആ വേഷപ്പകർച്ചകളെയെല്ലാം പൂഞ്ഞാറുകാർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഏഴ് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ നാല് വർഷം കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി അലങ്കരിച്ചതുമൊക്കെ അതിന്റെ ഫലമായാണ്.
എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിലൂടെ പി.സി പൂഞ്ഞാറിനപ്പുറം കേരളത്തിന്റെ താരകമായി ഉദിച്ചു. കെ.എം മാണിയോട് തെറ്റിപ്പിരിഞ്ഞ് ഐക്യമുന്നണിയിൽ സ്ഥാനം നഷ്ടപ്പെട്ട പി.സിയെ കൂടെ കൂട്ടാൻ പിണറായി വിസമ്മതിച്ചു. എൻ.ഡി.എയിൽ ചേരാൻ പി.സിയും പോയില്ല. ഒടുവിൽ സ്വന്തം പാർട്ടിയായിരുന്ന കേരള കോൺഗ്രസ് സെക്യുലറിന്റെ പോലും പിന്തുണയില്ലാതെ പി.സി പൂഞ്ഞാറിൽ സ്വതന്ത്രനായി മൽസരിച്ചു. എതിരിട്ടത് കേരളത്തിലെ മൂന്ന് പ്രബല മുന്നണികളെ. പി.സിയുടെ പരാജയം ഉറപ്പിക്കാനായി പിണറായി വിജയൻ തന്നെ രണ്ട് വട്ടം പൂഞ്ഞാറിൽ പര്യടനം നടത്തി. എന്നിട്ടും 27,820 വോട്ടുകൾക്ക് പി.സി വിജയിച്ചു. മൂന്നാം സ്ഥാനത്തായ ഇടത് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടുകളേക്കാൾ ഭൂരിപക്ഷത്തിന് യു.ഡി.എഫിനെ മറികടന്നായിരുന്നു ആ ഉജ്വല വിജയം. ഇടതിലായാലും വലതിലായാലും ഒരു മുന്നണിയുടെ ഭാഗമല്ലെങ്കിലും ഞങ്ങൾ പി.സിയോടൊപ്പമാണെന്ന് 2011ലെ 59,809 ൽ നിന്ന് 63,621 ലേക്ക് വോട്ട് ഷെയർ ഉയത്തി പൂഞ്ഞാറുകാർ പ്രഖ്യാപിച്ചു. ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ജനകീയ അംഗീകാരം.
139 എം.എൽ.എമാർക്കുമില്ലാത്ത താര പരിവേഷത്തോടെ പി.സി നിയമ സഭയിലെത്തി. പല കാര്യങ്ങളിലും സർക്കാറിനെ പിന്തുണച്ച പി.സി ജനങ്ങളുടെ വിഷയത്തിൽ പക്ഷം നോക്കാതെ അഭിപ്രായം പറയാനും തുടങ്ങി. ജനപക്ഷമെന്ന പുതിയ പാർട്ടിയും രൂപീകരിച്ചു. കാസർകോടിനും തിരുവനന്തപുരത്തിനുമിടയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും 'പൂഞ്ഞാർ പാർട്ടി'ക്ക് അണികളും ഓഫീസുമുണ്ടായി.
ഇതിനിടയിലാണ് പി.സിയുടെ പുതിയ നിലപാടിൽ മാറ്റം വന്നത്. നിയമ സഭയിൽ ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് പുതിയ നിലപാട്. പി.സിയുടെ മുൻകാലങ്ങളിലെ നിലപാട് മാറ്റങ്ങളെ അംഗീകരിച്ച പൂഞ്ഞാറുകാർ ഇതംഗീകരിക്കില്ല. പി.സിയെ ജയിപ്പിക്കാനായി രാപ്പകലില്ലാതെ പണിയെടുത്ത പല സംഘടനകൾക്കും സംഘ പരിവാരത്തോടുള്ള ഈ കൂട്ടുകെട്ടിൽ അമർഷമുണ്ട്. എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പല സംഘടനകളും അത് പരസ്യമാക്കുകയും ചെയ്തു കഴിഞ്ഞു.
വിദ്വേഷ രാഷ്ടീയം പ്രചരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന സംഘ രാഷ്ട്രീയത്തോട് പി.സി കാണിക്കുന്ന ഇഷ്ടം തകർത്തത് അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്നണി പോരാളിയായി അദ്ദേഹത്തെ അവരോധിച്ചവരുടെ പ്രതീക്ഷകളെയാണ്. സ്വപ്‌നങ്ങളുടെ സിംഹാസനത്തിലിരുന്ന് ഇത്തരമൊരു നിലപാടെടുത്ത പി.സിയുടെ രാഷ്ട്രീയ അന്ത്യത്തിന്റെ തുടക്കമാണിതെന്ന് മനസ്സിലാക്കാൻ അധിക ബുദ്ധിയൊന്നും വേണ്ട.
ശബരിമല വിഷയത്തിലെ പിണറായി വിജയന്റെയും ഇടത്പക്ഷത്തിന്റെയും നിലപാടുകളിൽ പ്രതിഷേധിച്ചാണത്രേ സർക്കാറിന് നൽകിക്കൊണ്ടിരുന്ന പിന്തുണ അവസാനിപ്പിച്ച് ബി.ജെ.പിയോടൊപ്പം നിയമസഭയിൽ ചേർന്ന് പ്രവർത്തിക്കാൻ പി.സി തീരുമാനിച്ചത്. കോടതി വിധി നടപ്പാക്കാൻ തിടുക്കം കാട്ടി അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത പിണറായിയോടും സി.പി.എമ്മിനോടുമുള്ള എതിർപ്പിന്റെ പേരിൽ, ശബരിമല വിഷയത്തിൽ കേരളം കലാപ ഭൂമിയാക്കാൻ ഗൂഢാലോചന നടത്തിയ ബി.ജെ.പിയെ പിന്തുണക്കുന്നതിലെ യുക്തിയൊന്നും ഒ.രാജഗോപാലിനൊപ്പം കറുത്ത വസ്ത്രമണിഞ്ഞ് സഭയിലെത്തിയ പി.സിയോട് ചോദിച്ചിട്ട് കാര്യമില്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുമായി ചർച്ച നടത്തിയ പി.സി, ബി.ജെ.പി കൂട്ടുകൂടാൻ പറ്റാത്തവരാണെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു കഴിഞ്ഞു.
തനിക്ക് പിന്നിൽ പാറ പോലെ ഉറച്ച് നിന്ന പൂഞ്ഞാറുകാരെയും കേരളത്തിലെ ചില പാർട്ടികളെയും മറന്നുള്ള പി.സിയുടെ ഇത്തരമൊരു രാഷ്ട്രീയ ചാഞ്ചാട്ടത്തിന് പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ പ്രധാനം മകൻ ഷോൺ ജോർജിന്റെ രാഷ്ട്രീയ ഭാവി ഭദ്രമാക്കൽ തന്നെയാണ്. മകനെ പിൻഗാമിയാക്കി കൊണ്ടുവരുമ്പോൾ സ്വാഭാവികമായും പാർട്ടിയിൽ ചില പ്രതിഷേധ സ്വരങ്ങളുയരും. എൻ.ഡി.എയിൽ ചേർന്നാൽ അധികം ലഭിക്കുന്ന നിയമസഭാ സീറ്റുകളിൽ ഇത്തരക്കാരെ മൽസരിപ്പിക്കാനും സാധിക്കും. സാധ്യമായാൽ കൂടെ നിൽക്കുന്ന നേതാക്കളെ ചില അധികാര കേന്ദ്രങ്ങളിൽ കുടിയിരുത്തി സംതൃപ്തരുമാക്കാം.
ആറ് മാസത്തിനള്ളിൽ വരുന്ന ലോക്‌സഭാ ഇലക്ഷനിൽ പത്തനംതിട്ടയിലോ കോട്ടയത്തോ മകൻ ഷോൺ ജോർജിനെ എൻ.ഡി.എ പിന്തുണയോടെ മൽസരിപ്പിക്കാനാണ് പി.സി കോപ്പ് കൂട്ടുന്നത്. ശബരിമല വിഷയത്തിൽ ശക്തമായി ഇടപെട്ട ജോർജ് ഹൈന്ദവ വിശ്വാസികളുടെ ഇഷ്ടത്തിന് പാത്രമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പി.സിയെ കൂടെ കൂട്ടിയാൽ ക്രൈസ്തവരുടെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുടെയും വോട്ടുകളോടൊപ്പം ശബരിമല വിശ്വാസികളടെ വോട്ട് കൂടി ഏകോപിപ്പിച്ചാൽ പത്തനംതിട്ടയും കോട്ടയവും പിടിക്കാമെന്ന വിശ്വാസം ബി. ജെ.പിക്കുമുണ്ട്. അതുകൊണ്ടാണ് ജോർജിനെ എൻ.ഡി.എ മുന്നണിയിലെത്തിക്കാൻ അമിത് ഷാ പ്രത്യേകം താൽപര്യമെടുക്കുന്നത്.
എന്നാൽ ലൈംഗിക വിവാദത്തിൽ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിനെ പിന്തുണക്കുകയും കന്യാസ്ത്രീകളെ ആക്ഷേപിക്കുകയും ചെയ്ത പി.സിയോട് െ്രെകസ്തവ വിശ്വാസികളിൽ നല്ലൊരു വിഭാഗത്തിന്(സാധാരണക്കാർക്ക്) ഇപ്പോൾ അമർഷമുണ്ട്. പി.സിയുടെ പുതിയ നിലപാട് മുസ്ലിംകളിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പി.സിക്ക് പത്തനംതിട്ട ഒരു ബാലികേറാ മലയായി അവശേഷിക്കും.
തന്റെ സ്വാധീനവും മാണി വിരുദ്ധ വോട്ടുകളും എൻ.ഡി.എ പിന്തുണയുമാകുമ്പോൾ കോട്ടയത്ത് ഒരു 'പി.സി തോമസ്' മോഡൽ ജയം സ്വന്തമാക്കാമെന്നതാണ് പൂഞ്ഞാർ ആശാന്റെ സ്വപ്‌നമെങ്കിൽ അതും നഷ്ടക്കച്ചവടമാകാനേ ഇടയുള്ളൂ. പി.സിയെന്ന കേരള രാഷട്രീയത്തിലെ അതികായന്റെ അന്ത്യത്തിനാകും അത് കാരണമാകുക. കാരണം കോട്ടയം ലോക്‌സഭാ സീറ്റിൽ കോൺഗ്രസിന് വേണ്ടി ഉമ്മൻ ചാണ്ടി തന്നെ മൽസരിക്കാൻ സാധ്യതയുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരെ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ ഷോൺ ജോർജ് മൽസരിച്ചാലുള്ള ഗതി എന്താകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയൊള്ളൂ. ഇനി ജോസ് കെ.മാണി സ്ഥാനാർത്ഥിയായാലും മതേതര വോട്ടുകൾ കൂടുതൽ യു.ഡി.എഫിന് ലഭിക്കാനേ ഷോൺ ജോർജിന്റെ എൻ.ഡി.എ സ്ഥാനാർത്ഥിത്വം ഇടവരുത്തൂ. അല്ലെങ്കിലും അച്ഛന് തഴമ്പുണ്ടെന്ന് കരുതി മകന് അതുണ്ടാകുമോ? കക്ഷത്തുള്ളത് വിട്ട് അട്ടത്തുള്ളത് എടുക്കാൻ ശ്രമിച്ചാൽ പത്തനംതിട്ടക്കും കോട്ടയത്തിനുമൊപ്പം പൂഞ്ഞാറും ഇല്ലാതാവുമെന്ന കാര്യം ഓർത്താൽ പി.സിക്ക് നല്ലത്.






