Sorry, you need to enable JavaScript to visit this website.

എക്‌സിറ്റിൽ പോയ പ്രവാസി മരിച്ചു; ശമ്പള കുടിശികയുമായി സൗദി നാട്ടിലെത്തി

ഹായിൽ- എക്‌സിറ്റിൽ സ്വദേശത്തേക്ക് തിരിച്ചുപോയ ശേഷം അപ്രതീക്ഷിതമായി മരണം മാടിവിളിച്ച ഇന്ത്യൻ തൊഴിലാളിക്ക് വേതനയിനത്തിലും മറ്റും നൽകാനുള്ള പണം ഇന്ത്യയിലെ കുടുംബത്തെ തേടിപ്പിടിച്ച് കണ്ടെത്തി കൈമാറിയതിന്റെ നിർവൃതിയിലാണ് സൗദി പൗരൻ മിസ്ഫർ അൽശമ്മരി. ദീർഘ കാലത്തെ അന്വേഷണത്തിലൂടെയാണ് തൊഴിലാളിയുടെ കുടുംബത്തെ സ്‌പോൺസറുടെ കുടുംബം കണ്ടെത്തിയത്. ഹായിലിലെ അൽഖിത്തയിൽ പിതാവിനു കീഴിൽ കരാർ, നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരന് വേതനയിനത്തിലും മറ്റുമായി ആറായിരം റിയാലോളം പിതാവ് നൽകാനുണ്ടായിരുന്നെന്ന് മിസ്ഫർ അൽശമ്മരി പറഞ്ഞു. 


സൗദിയിലെ ജോലി മതിയാക്കി ഇന്ത്യക്കാരൻ സ്വദേശത്തേക്ക് തിരിച്ചു പോകുന്ന സമയത്ത് ഇടപാടുകൾ തീർത്തു നൽകുന്നതിന് പിതാവിന്റെ പക്കൽ പണമുണ്ടായിരുന്നില്ല. ഇതേതുടർന്ന് തൊഴിലാളിക്ക് പിന്നീട് പണം കൈമാറാമെന്ന തീരുമാനത്തിൽ പിതാവ് എത്തി. എന്നാൽ സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളി അവിടെ വാഹനാപകടത്തിൽ മരണപ്പെട്ടതായി തങ്ങൾ അറിഞ്ഞു. ഇതോടെ ഇന്ത്യക്കാരന്റെ കുടുംബത്തെ അന്വേഷിച്ച് കണ്ടെത്തി പണം എത്തിച്ചു നൽകുന്നതിന് പിതാവ് തന്നോട് ആവശ്യപ്പെട്ടു.

ഇന്ത്യക്കാരന്റെ കുടുംബത്തെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ.മുഹമ്മദ് അൽശമ്മരിയുടെ സഹായം തേടിയിരുന്നു. പാസ്‌പോർട്ട് വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യക്കാരന്റെ കുടുംബത്തെ കണ്ടെത്തുന്നതിന് ന്യൂദൽഹിയിലെ സൗദി എംബസി സഹായവും പ്രയോജനപ്പെടുത്തി. സൗദി എംബസി സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെ ഇന്ത്യക്കാരന്റെ കുടുംബത്തെ കണ്ടെത്തുകയും പിതാവ് നൽകാനുണ്ടായിരുന്ന പണം കൈമാറുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് എംബസി അധികൃതർ തങ്ങൾക്കു നൽകി. 
എന്നാൽ ഈ ക്ലിപ്പിംഗ് ലഭിക്കുന്നതിനു മൂന്നു ദിവസം മുമ്പ് പിതാവ് മരണപ്പെട്ടിരുന്നു. പിതാവ് ഹൃദ്രോഗിയും വൃക്ക രോഗിയുമായിരുന്നു. ഇന്ത്യക്കാരന് നൽകാനുള്ള പണം അർഹരായവരുടെ കൈകളിൽ എത്തിക്കണമെന്ന് മരണപ്പെടുന്നതിനു മുമ്പ് പിതാവ് ഒസ്യത്ത് ചെയ്തിരുന്നു. പിതാവിന്റെ ഒസ്യത്ത് പാലിക്കുന്നതിനും കടം വീട്ടുന്നതിനും സാധിച്ചതിൽ വലിയ ആഹ്ലാദമുണ്ടെന്നും മിസ്ഫർ അൽശമ്മരി പറഞ്ഞു.

Latest News