കഴിഞ്ഞ ഡിസംബറിൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോൾ വെല്ലുവിളികൾ നിറഞ്ഞ ഭാവികാലമായിരുന്നു രാഹുൽ ഗാന്ധിക്ക് മുന്നിലുണ്ടായിരുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണം നഷ്ടപ്പെട്ട് ആത്മവിശ്വാസം ഇല്ലാതായ സംഘടനയായിരുന്നു കോൺഗ്രസ്. അലകുംപിടിയുമൊടിഞ്ഞ് ദുർബലമായ ഒരു പാർട്ടി.
നാലു കൊല്ലം മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന പാർട്ടിയാണ് എന്നതിന്റെ ഒരു ശേഷിപ്പ് പോലും രാഹുലിന്റെ കയ്യിൽ ലഭിച്ച പാർട്ടിയിലുണ്ടായിരുന്നില്ല.
രാഹുൽ സ്ഥാനമേറ്റ് തൊട്ടടുത്ത ദിവസമാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഗുജറാത്തിൽ കോൺഗ്രസ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. ഭരണത്തിലേറാനുള്ള പിന്തുണ ലഭിച്ചില്ലെങ്കിലും കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഗുജറാത്ത് ഫലം അടിവരയിട്ടു. തെരഞ്ഞെടുപ്പ് ക്യാംപയിന് രാഹുൽ തന്നെയാണ് ഗുജറാത്തിൽ നേതൃത്വം നൽകിയത്.
അധികം വൈകാതെ കർണാടക നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിനും രാഹുലിനും കനത്ത വെല്ലുവിളിയായിരുന്നു. കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഏറ്റവും വലിയ സംസ്ഥാനമായിരുന്നു കർണാടക. കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലെത്താനുള്ള അംഗസംഖ്യ ലഭിച്ചില്ലെങ്കിലും ജെ.ഡി.എസിന് പിന്തുണ നൽകി ബി.ജെ.പിയെ മാറ്റി നിർത്താനുള്ള മിന്നലാക്രമണത്തിന് രാഹുൽ നേതൃത്വം നൽകി. ഗവർണറെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനുള്ള ബി.ജെ.പി നീക്കത്തെ അർധരാത്രിയിൽ സുപ്രീം കോടതി തുറപ്പിച്ച് പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിച്ചു. രണ്ടു വർഷം മുമ്പ് ഗോവയിൽനിന്നേറ്റ തിരിച്ചടി കർണാടകയിൽ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കുകയും ചെയ്തു. ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് ഭരിക്കാൻ കഴിഞ്ഞിരുന്നില്ല. ഗോവയിൽ കോൺഗ്രസിന്റെ ഭൂരിപക്ഷത്തെ അമിത് ഷായുടെ നേതൃത്വത്തിൽ മറികടക്കാൻ ബി.ജെ.പിക്ക് സാധിച്ചു. അതോടെ ഗോവയിൽ ചുണ്ടിനും കപ്പിനുമിടയിൽ കോൺഗ്രസിന് അധികാരം നഷ്ടമാകുകയും ചെയ്തു. മനോഹർ പരിക്കറിനെ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കി ഗോവയുടെ മുഖ്യമന്ത്രിയാക്കി.
എന്നാൽ, ഈ തിരിച്ചടികളെയെല്ലാം രാഹുൽ മറികടക്കുന്നതിനാണ് പിന്നീട് ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും രാഹുലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. മോഡി പ്രഭാവത്തെ കൃത്യമായ ആസൂത്രണത്തോടെ മറികടക്കാൻ രാഹുലിന് സാധിച്ചു. രാജസ്ഥാനിലും മധ്യപ്രദേശിലും സ്ഥാനാർത്ഥി നിർണയം മുതൽ രാഹുലിന്റെ ഇടപെടലുണ്ടായി. കൊമ്പുകോർത്തുനിന്ന നേതാക്കളെയെല്ലാം ഒന്നിപ്പിക്കാനും ശ്രദ്ധിച്ചു. ഇന്ത്യയുടെ ഹൃദയഭൂമി എന്നറിയിപ്പെടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതിൽ രാഹുൽ വഹിച്ച പങ്ക് കോൺഗ്രസിന്റെ ചരിത്രത്തിൽ തന്നെ തുല്യതയില്ലാത്തതാണ്.

ഒരുകാലത്ത് പപ്പു എന്ന് വിളിച്ച് പരിഹസിച്ചിരുന്നവരുടെ മുന്നിലേക്ക് വൻ തലയെടുപ്പോടെയാണ് രാഹുൽ എത്തുന്നത്. രാഹുലിന് നേരിടാനുണ്ടായിരുന്നത് ബി.ജെ.പിയിലെ കൊലകൊമ്പൻമാരെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് ആ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. രാഹുലിന്റെ ആരോപണങ്ങൾക്ക് ഒരു മറുപടി പോലും നൽകാതെ അവഗണിക്കുമ്പോഴും മോഡിയെ പിന്തുടർന്ന് അക്രമിക്കുന്നതിൽ രാഹുൽ വിട്ടുവീഴ്ച്ച ചെയ്തില്ല. മിസ്റ്റർ അൻപത്തിയാറിഞ്ച് എന്ന് മോഡിയെ പരിഹസിച്ച രാഹുൽ റഫേൽ ഇടപാടിന്റെ പശ്ചാത്തലത്തിൽ മോഡിയെ മിസ്റ്റർ 36 എന്ന് മാറ്റി വിളിക്കാൻ തുടങ്ങി. കോൺഗ്രസ് രാജ്യത്തിന് ഒന്നും ചെയ്തില്ലെന്ന മോഡിയുടെ ആക്ഷേപത്തെ രാഹുൽ നേരിട്ടത് രാജ്യത്തിന്റെ ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു.
അമിത് ഷാ ഉയർത്തുന്ന വെല്ലുവിളികളെ നേരിടുമ്പോഴും രാഹുൽ പക്വത കൈവിട്ടില്ല. ഏറെ പ്രകോപനങ്ങൾ നിറഞ്ഞതായിരുന്നു അമിത് ഷായുടെ ആക്രമണങ്ങൾ. മുന്നൂറിലേറെ ജീവനക്കാരെ നിയമിച്ചാണ് സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോം വഴി ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. കോടിക്കണക്കിന് രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വരുമ്പോൾ കോൺഗ്രസിന് കാര്യമായി ആരും സംഭാവന നൽകാനുണ്ടായിരുന്നില്ല. എങ്കിലും രാഹുൽ അതിനെയെല്ലാം മറികടന്ന് പാർട്ടിയെ മുന്നിലെത്തിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും രാഹുലിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ബി.ജെ.പി തന്നെ അധികാരത്തിൽ തുടരുമെന്ന പ്രചാരണത്തിന്റെ മുനയാണ് തെരഞ്ഞെടുപ്പ് ഫലം ഒടിച്ചുകളഞ്ഞത്. ഉദ്യോഗസ്ഥ തലത്തിൽ കോൺഗ്രസ് നേരിട്ടിരുന്ന നിസഹകരണവും പ്രതികാരനടപടികളും ഏറെക്കുറെ അവസാനിക്കും. ഇതോടൊപ്പം കേന്ദ്ര സർക്കാറിന്റെ ശാസനകളെ അന്യായമായി പിന്തുണക്കാനുള്ള ഉദ്യോഗസ്ഥ നീക്കവും നിലക്കും. പാർട്ടി ഫണ്ടിലേക്കുള്ള സംഭാവനകളും ലഭിക്കും. ഇതിനെല്ലാം പുറമെ, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ തന്റെ താൽപര്യം കൂടുതൽ നടപ്പിലാക്കാൻ രാഹുൽ ഗാന്ധിക്ക് പാർട്ടിയിൽ കരുത്ത് ലഭിക്കുമെന്നും ഉറപ്പ്. മോഡിയെ നേരിടാൻ രാഹുൽ എന്ന ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം കോൺഗ്രസ് ഇന്ന് നേടിയെടുത്തത്. എല്ലാ അർത്ഥത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് രാഹുൽ എന്ന യുവരാജാവിന്റെ പട്ടാഭിഷേകത്തിനാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വഴിയൊരുക്കുന്നത്.






