Sorry, you need to enable JavaScript to visit this website.

കിംഗ് സൽമാൻ ഊർജ സിറ്റി പദ്ധതിക്ക് ശിലയിട്ടു

കിംഗ് സൽമാൻ ഊർജ സിറ്റി (സ്പാർക്) പദ്ധതി ശിലാസ്ഥാപന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.

ദമാം - കിംഗ് സൽമാൻ ഊർജ സിറ്റി (സ്പാർക്) പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശിലയിട്ടു. ദമാമിനും അൽഹസക്കുമിടയിൽ 50 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് മൂന്നു ഘട്ടമായാണ് പദ്ധതി യാഥാർഥ്യമാക്കുക. 12 ചതുരശ്ര കിലോമീറ്ററിൽ പൂർത്തിയാക്കുന്ന ആദ്യഘട്ടം 2021 ൽ പ്രവർത്തനക്ഷമമാകും. ഊർജ മേഖലക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പാർക് സിറ്റിയുടെ ആദ്യ ഘട്ടം 600 കോടി റിയാൽ നിക്ഷേപത്തോടെയാണ് പൂർത്തിയാക്കുന്നത്. സൗദി ഇൻഡസ്ട്രിയൽ പ്രോപ്പർട്ടി അതോറിറ്റിയുമായി സഹകരിച്ച് ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകൊക്കാണ് സ്പാർക് സിറ്റി നടത്തിപ്പ് ചുമതല. 
ആഗോള, പ്രാദേശിക ഊർജ കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനത്തിന് സ്പാർക് സിറ്റി പദ്ധതി കരുത്തു പകരുമെന്ന് ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ഊർജ മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും വ്യവസായങ്ങളുടെയും ലോക കേന്ദ്രമായി സ്പാർക് സിറ്റി പദ്ധതിയെ മാറ്റുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. സ്പാർക് സിറ്റി പദ്ധതിയിലെ ആദ്യ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. സ്ഥലം വാടകക്ക് നൽകുന്നതിനും നിക്ഷേപ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും 120 കോടി റിയാലിന്റെ പന്ത്രണ്ടു കരാറുകളും ധാരണാപത്രങ്ങളുമാണ് ഒപ്പുവെച്ചത്. പദ്ധതി ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 2,250 കോടി റിയാൽ സംഭാവന ചെയ്യും. കിംഗ് സൽമാൻ ഊർജ സിറ്റിയിലൂടെ ഉൽപാദനം, സംസ്‌കരണം, പെട്രോകെമിക്കൽ, വൈദ്യുതി, ജലം എന്നീ മേഖലകൾക്ക് ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 
ഊർജ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സേവനങ്ങളും അടങ്ങിയ പുതിയ ദേശീയ മേഖല വികസിപ്പിക്കുന്നതിനുള്ള സൗദി അറാംകൊയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനും പുതിയ പദ്ധതി സഹായകമാകും. 2021 ഓടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സ്പാർക് സിറ്റി സൃഷ്ടിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് 120 ലേറെ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന് സൗദി അറാംകൊ ചർച്ചകൾ നടത്തിവരികയാണ്. സ്പാർക് സിറ്റി പ്രദേശത്തെ നിക്ഷേപകർക്ക് ആവശ്യമായ, ഉയർന്ന യോഗ്യകളും നൈപുണ്യവുമുള്ള വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ഊർജ മേഖലയുമായി ബന്ധപ്പെട്ട പത്തോളം പരിശീലന കേന്ദ്രങ്ങളും പാർപ്പിട, വാണിജ്യ, വിനോദ പ്രദേശങ്ങളും ഇവിടെയുണ്ടാകും. 

 

Latest News