വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; ഉദ്വേഗത്തോടെ രാജ്യം

അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ

ന്യൂദൽഹി- ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച നടക്കാനിരിക്കെ ആകാംക്ഷയോടെ ബി.ജെ.പിയും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ കക്ഷികൾ. 
എക്‌സിറ്റ് പോൾ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തുമ്പോൾ, ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ സീറ്റുകൾ അൽപം കുറഞ്ഞാലും വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരെ മത്സരിക്കുന്ന രാജസ്ഥൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ ഫലമാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്നിടത്തും ബി.ജെ.പിയുടെ കാര്യം പരുങ്ങലിലാണെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് മിക്ക സർവേകളും പറയുന്നത്. 200 അംഗ അസംബ്ലിയിൽ കോൺഗ്രസ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്ന് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, സി വോട്ടർ തുടങ്ങിയ സർവേകൾ പറയുന്നു. അവിടെ കോൺഗ്രസ് സർക്കാർ രൂപീകരണത്തിനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു.
മധ്യപ്രദേശിൽ ഇരു കക്ഷികളും ഒപ്പത്തിനൊപ്പമെന്നാണ് വിവിധ സർവേകളിൽ നിന്ന് മനസ്സിലാവുന്നത്. ഇന്ത്യ ടുഡേ, സീ വോട്ടർ, എ.ബി.പി സർവേകൾ കോൺഗ്രസിന് നേരിയ ഭൂരിപക്ഷം പ്രവചിക്കുമ്പോൾ, റിപ്പബ്ലിക്, ടൈംസ് നൗ സർവേകൾ ബി.ജെ.പിക്കാണ് ചെറിയ മുൻതൂക്കം നൽകുന്നത്. 
ഛത്തീസ്ഗഢിലും എതാണ്ട് ഇതു തന്നെയാണ് സ്ഥിതി. ഇന്ത്യാ ടുഡേ, സീ വോട്ടർ സർവേകൾ കോൺഗ്രസിന്റെ വിജയം പ്രവചിക്കുന്നു. എ.ബി.പി, റിപ്പബ്ലിക്, ടൈംസ് നൗ സർവേകൾ ബി.ജെ.പിയുടെയും. ഇവിടെ തൂക്കു സഭയായിരിക്കുമെന്നും മൂന്നാം മുന്നണിയായ അജിത് ജോഗി-ബി.എസ്.പി സഖ്യം നിർണായകമാകുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.
തെലങ്കാനയിൽ 119 അംഗ അസംബ്ലിയിൽ നൂറോളം സീറ്റുകൾ നേടി അധികാരം നിലനിർത്താനായി നിയമസഭ നേരത്തെ പിരിച്ചുവിട്ട മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് വലിയ പരിക്കേൽക്കാതെ കഷ്ടിച്ച് പിടിച്ചു നിൽക്കാനാവുമെന്നാണ് സർവേകൾ നൽകുന്ന സൂചന. ഇന്ത്യ ടുഡേ, റിപ്പബ്ലിക്, ടൈംസ് നൗ സർവേകളിൽ ടി.ആർ.എസിനു തന്നെയാണ് സാധ്യത നൽകുന്നത്. സീ വോട്ടർ സർവേയിൽ ടി.ആർ.എസും, കോൺഗ്രസും ഒപ്പത്തിനൊപ്പമായിരിക്കുമെന്നും പറയുന്നു. കഴിഞ്ഞ തവണ അഞ്ച് സീറ്റ് കിട്ടിയ ബി.ജെ.പിക്ക് ഇത്തവണയും ഏതാണ്ട് അത്രയൊക്കെയേ കിട്ടൂവെന്നും പറയുന്നു.
40 അംഗ നിയമസഭയുള്ള മിസോറമിൽ ഭരണകക്ഷിയായ കോൺഗ്രസിനെ തോൽപിച്ച് പ്രാദേശിക കക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലെത്തുമെന്നാണ് സർവേകൾ നൽകുന്ന സൂചന. ഇവിടെയും ബി.ജെ.പിക്ക് കാര്യമായി സീറ്റ് കിട്ടാനിടയില്ല.
എന്നാൽ ഈ സർവേകളെ ബി.ജെ.പി അത്ര കാര്യമാക്കുന്നില്ല. ശക്തികേന്ദ്രങ്ങളായ രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്ഗഢിലും വിജയം ആവർത്തിക്കുമെന്നും, തെലങ്കാനയിലും മിസോറമിലും തങ്ങൾക്കു കൂടി പങ്കാളിത്തമുള്ള സഖ്യ സർക്കാരുകൾക്ക് രൂപം നൽകുമെന്നുമാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. അഥവാ രാജസ്ഥാനിൽ തോറ്റാൽ പോലും അത് അഞ്ച് വർഷത്തിലൊരിക്കൽ ഭരണ മാറ്റമെന്ന സംസ്ഥാനത്തിന്റെ സ്ഥിരം സ്വഭാമായി മാത്രം കണ്ടാൽ മതിയെന്നും അവർ പറയുന്നു. 
എന്നാൽ രാജ്യത്ത് മോഡി പ്രഭാവത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും പ്രതീക്ഷിക്കുന്നത്. അതു മുന്നിൽ കണ്ടാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ പ്രതിപക്ഷ കക്ഷികളുടെ യോഗം ദൽഹിയിൽ ചേരുന്നതും. അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി തോൽക്കുന്ന പക്ഷം അത് അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാവും. പ്രതിപക്ഷ ഐക്യ നീക്കങ്ങൾക്ക് വേഗം പകരും. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെയും, ബിഹാറിൽ നിന്നുള്ള കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെയും ഇന്നലത്തെ രാജി വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി കണക്കാക്കുന്നവരുണ്ട്.
നേർക്കുനേർ പോരാട്ടം നടന്ന രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്ഗഢിലും ബി.ജെ.പിയെ മലർത്തിയടിക്കാൻ കഴിഞ്ഞാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ വൻ തിരിച്ചുവരവിന് കളമൊരുങ്ങും. നിലവിൽ ലോക്‌സഭയിൽ കഷ്ടിച്ച് 50 സീറ്റ് മാത്രമുള്ള കോൺഗ്രസിന് ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ നേതൃത്വം നൽകാൻ പോലും മറ്റ് പല കക്ഷികൾക്കും സമ്മതമല്ല. ഈ തെരഞ്ഞെടുപ്പ് അതിന് മാറ്റം വരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Latest News